കാലവര്‍ഷക്കെടുതി; കേന്ദ്രസംഘം സന്ദര്‍ശിച്ചു
കാലവര്‍ഷക്കെടുതി നിരീക്ഷിക്കാന്‍ ജില്ലയിലെത്തിയ കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഹൈദരാബാദ് ഡിഒഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി കെ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ നര്‍സി റാം മീണ, ഉപരിതല ഗതാഗത മന്ത്രാലയം റീജ്യണല്‍ ഓഫീസര്‍ വി.വി ശാസ്ത്രി എന്നിവരാണ് സംഘത്തിലുള്ളത്. കേന്ദ്ര സംഘത്തിനു മുന്നില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് മേയ് മാസം മുതല്‍ ജില്ലയിലുണ്ടായ മഴക്കെടുതികള്‍, ഉരുള്‍പൊട്ടല്‍, കടലാക്രമണം, വെള്ളപ്പൊക്കം, കൃഷി നാശം തുടങ്ങിയവ വിശദീകരിച്ചു.
തുടര്‍ന്ന് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി 14 പേര് മരിച്ച കരിഞ്ചോലമല, ഉരുള്‍പ്പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ട്, മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട വയനാട് ചുരം, കോടഞ്ചേരി, ഇരുമ്പ് കടവ്, ഇരുവഴിഞ്ഞി പുഴ, ആനക്കാം പൊയില്‍, മറിപ്പുഴ പ്പാലം, മുക്കം തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. കെടുതികള്‍ അതീവ ഗൗരവമുള്ളതാണെന്നും സാമ്പത്തിക സഹായത്തിനാവശ്യമായ റിപ്പോര്‍ട്ട് നല്കു മെന്നും സംഘത്തിന് നേതൃത്വം നല്കുന്ന ബി.കെ ശ്രീവാസ്തവ പറഞ്ഞു. എം.എല്‍.എമാരായ പുരുഷന് കടലുണ്ടി, കാരാട്ട് റസാഖ്, ജോര്‍ജ് എം തോമസ് എന്നിവര്‍ വിവിധയിടങ്ങളില്‍ സംഘവുമായി ചര്‍ച്ച നടത്തി. ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടര്‍ എന്‍ റംല, താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.
- Log in to post comments