'വിവ': ചെറു ധാന്യങ്ങളുടെ പ്രാധാന്യം പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് 'വിവ'പദ്ധതിയുടെ ഭാഗമായി ചെറു ധാന്യങ്ങളുടെ പ്രാധാന്യം പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
പോഷകാഹാര പ്രദർശനം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
പുഷ്പഗിരി അങ്കണവാടിയിൽ നടത്തിയ പരിപാടിയിൽ പഞ്ചായത്തിലെ 19 അങ്കണവാടികളിലെ വർക്കർമാർ ധാന്യങ്ങളും ചെറുധാന്യങ്ങളും കൊണ്ട് ഉണ്ടാക്കിയ പോഷകാഹാരങ്ങൾ, ഇലകൾ, പച്ചക്കറികൾ തുടങ്ങിയ മുപ്പത്തോളം പോഷക മൂല്യമടങ്ങിയ ആഹാര സാധനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. പോഷകാഹാരം സംബന്ധിച്ച ചിത്രങ്ങൾ, ചാർട്ടുകൾ, പോഷക മൂല്യമടങ്ങുന്ന ആഹാര സാധനങ്ങളുടെ കൂട്ടുക്കൾ എന്നിവയുടെ പ്രദർശനവും നടത്തി. പോഷകമൂല്യമടങ്ങിയ ഭക്ഷണം ശീലമാക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് മെമ്പർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. കെ വി ജോസ് മാസ്റ്റർ സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്ലി പി കെ നന്ദിയും പറഞ്ഞു.
- Log in to post comments