കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത് മെയ് 15 മുതല്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ അവലോകന യോഗം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നിലവില്‍ 2407 പരാതികള്‍ ലഭിച്ചതായും 1581 എണ്ണം വിവിധ വകുപ്പുകളിലേക്കും താലൂക്കുകളിലേക്കും നടപടികള്‍ സ്വീകരിക്കുന്നതിന് നല്‍കിയതായും യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു.
ജില്ലാതലത്തിലും താലൂക്ക്തലത്തിലും പരാതികള്‍ പരിശോധിക്കാന്‍ മോണിറ്ററിങ് സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മെയ് 15 ന് പാലക്കാട്, 16 ന് ചിറ്റൂര്‍, 18 ന് ആലത്തൂര്‍, 22 ന് ഒറ്റപ്പാലം, 23 ന് മണ്ണാര്‍ക്കാട്, 25 ന് പട്ടാമ്പി, 26 ന് അട്ടപ്പാടി എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.
വിവിധ സ്കോളര്‍ഷിപ്പുകള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷി നാശത്തിനുള്ള സഹായങ്ങള്‍, കാര്‍ഷികവിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്ഷന്, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, വയോജന സംരക്ഷണം എന്നീ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ പരാതികളാണ് സ്വീകരിച്ചത്. യോഗത്തില്‍ എം.ഡി.എം കെ. മണികണ്ഠന്, ആര്.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments