Skip to main content

എക്‌സൈസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് മുന്നൊരുക്കം കമ്മീഷണര്‍ വിലയിരുത്തി

 

ഓണക്കാലത്ത് മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും, മറ്റു ലഹരി വസ്ത്തുക്കളുടെയും  വിപണനവും കടത്തിക്കൊണ്ടു പോകലും തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്  മുന്നൊരുക്കം കമ്മീഷണര്‍ ഋഷിരാജ് സിംഗ് വിലയിരുത്തി. നൂതന മാര്‍ഗ്ഗങ്ങളിലൂടെ  ലഹരി വസ്തുക്കള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെ ശക്തമായിതടയണമെന്നും കോട്ടയം എക്‌സൈസ്  ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പഴയ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റവാളികളുടെ ലിസ്റ്റ് തയ്യാറാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം. നിരന്തര  വാഹന പരിശോധന നടത്തണം. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കള്ള് ഷാപ്പുകള്‍ പലതും അടഞ്ഞു കിടക്കുകയാണെങ്കിലും  ചിലയിടങ്ങളില്‍ വില്പന നടക്കുന്നുണ്ടെന്നും, ഈ പ്രദേശങ്ങളില്‍ അമിത മദ്യ ലഹരിയില്‍ അപകടങ്ങളും അനിഷ്ട സംഭവങ്ങളും  ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.അബ്ദുള്‍ കലാം സ്‌പെഷ്യല്‍ ഡ്രൈവ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പോലീസ്-വനം-റവന്യു-റെയില്‍വേപോലീസ്- ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്  വകുപ്പുകളുമായി ചേര്‍ന്ന് 22 സംയുക്ത പരിശോധനകള്‍ നടത്തി 272 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗഞ്ചാവ് കൈവശം വച്ച കുറ്റത്തിന് വിദ്യാര്‍ത്ഥികളടക്കം 34 പേരെയും അബ്ക്കാരി ആക്റ്റ് പ്രകാരം  34 പേരെയും അറസ്റ്റ്‌ചെയ്തു. എന്‍ ഡിപി എസ് നിയമ പ്രകാരം തൊണ്ടിയായി 4.341 കിലോഗ്രാം ഗഞ്ചാവും, 16 ലിറ്റര്‍ ചാരായവും, 505 ലിറ്റര്‍ കോടയും, 7.500 ലിറ്റര്‍ അരിഷ്ടവും, 12.310 ലിറ്റര്‍ മദ്യവും, 13.650 കിലോഗ്രാം പുകയില ഉത്പന്നങ്ങളും,715 പായ്ക്കറ്റ് ഹാന്‌സും് പിടിച്ചെടുത്തു. 600 രൂപ തൊണ്ടി മണിയായി കണ്ടെടുത്തു. 2833 വാഹനങ്ങള്‍ പരിശോധിച്ചു. നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു.

  ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ 50 ക്യാമ്പുകളും 163 പാന്‍ പീടികകളും പരിശോധിച്ചു. പൊതുസ്ഥലങ്ങളില്‍ പുകവലിച്ചതിന് 41400 രൂപ പിഴ ഈടാക്കി. 47 മെഡിക്കല്‍ സ്റ്റോറുകളിലും പരിശോധന നടത്തി. 457 കള്ള്ഷാപ്പുകളിലും, ബിവറേജ് കോര്‍പ്പറേഷന്റെ 17  മദ്യ ശാലകളും, 13 ബാറുകളിലും ഒന്‍പത് ബിയര്‍ പാര്‍ലറുകളിലും, രണ്ട് ക്ലബ്ബുകളിലും, സ്പിരിറ്റ് ഉപയോഗിക്കുന്ന അഞ്ച് ആശുപത്രികളും, രണ്ട് അരിഷ്ട നിര്‍മ്മാണ സ്ഥലത്തും പരിശോധന നടത്തി. കള്ളിന്റെ  114 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുള്ളതായും കമ്മീഷണര്‍ അറിയിച്ചു.

(കെ.ഐ.ഒ.പി.ആര്‍-1727/18)

date