പ്രളയാനന്തര ശുചീകരണത്തില്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി കെ. കെ ശൈലജ ടീച്ചര്‍
വെള്ളപ്പൊക്ക കെടുതികളെ ധൈര്യത്തോടും ഒത്തരുമയോടും നേരിടാന്‍ കോട്ടയം ജില്ലയ്ക്ക് കഴിഞ്ഞെന്നും പ്രളയാനന്തര ശൂചീകരണ പ്രവര്‍ത്തനത്തിലും നിരന്തര ജാഗ്രത പുലര്‍ത്താന്‍ കഴിയണമെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദ്ദേശിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളപ്പൊക്ക കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കാനും നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കാനും കോട്ടയം, ആലപ്പുഴ ജില്ലകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. എന്നാല്‍ മഴക്കെടുതികള്‍ അവസാനിക്കുന്നതോടെ എല്ലാം ശുഭമായെന്ന് വിചാരിക്കരുത്. വെള്ളം ഇറങ്ങി തുടങ്ങുമ്പോള്‍ പകര്‍ച്ച വ്യാധി പോലുളള കൂടുതല്‍ രൂക്ഷമായ പ്രശ്നങ്ങള്‍ തലപൊക്കും. അത് തടയാനുളള തയ്യാറെടുപ്പുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് തദ്ദേശ സ്വയം ഭരണ വകുപ്പാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് ശൂചീകരണം പൂര്‍ത്തിയാക്കുന്ന സ്ഥലങ്ങളില്‍ ക്ലോറിനേഷന്, സൂപ്പര്‍ ക്ലോറിനേഷന്, കൊതുകു നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തണം. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങി വച്ച ആരോഗ്യ ജാഗ്രത ബോധവത്ക്കരണ പരിപാടി പകര്‍ച്ചവ്യാധികളുടെ ആധിക്യം കുറയ്ക്കുന്നതിന് സഹായകരമായിട്ടുണ്ട്. ഒരു വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ വാര്‍ഡ് മെമ്പര്‍മാരുടേയും കുടുംബത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കുടുംബാങ്ങളുടെയും ഉത്തരവാദിത്വമാണ് എന്ന സന്ദേശമാണ് ക്യാമ്പെയിന് നല്‍കിയത്. മഴ നിലയ്ക്കുന്ന മുറയ്ക്ക് വെള്ള പരിശോധന ഉടന്‍ ആരംഭിക്കണം. ജില്ലയിലെ വിവിധ ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും പ്രവര്‍ത്തനം ഉറപ്പു വരുത്തണം. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ അടിയന്തിര ശുചീകരണം ഉറപ്പു വരുത്തണം. തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്ന തൊഴിലാളികളെ പ്രത്യേകം ബോധവത്ക്കരിക്കുകയും അവര്‍ക്ക് പരിശോധന ഉറപ്പാക്കുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ നടത്തി വന്ന മെഡിക്കല്‍ ക്യാമ്പുകള്‍ കൂടുതല്‍ തീവ്രതയില്‍ തുടരണമെന്നും പകര്‍ച്ച സ്വഭാവമുളള രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം രോഗികളെ മാറ്റി പാര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നഗരപ്രദേശത്തെ പൂട്ടികിടക്കുന്ന വീടുകള്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്സുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്താന്‍ റസിഡന്‍സ് അസ്സോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരണം. ഒറ്റപ്പെട്ട തുരുത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും പോകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ലൈഫ് ജാക്കറ്റുകളും രക്ഷാഉപകരണങ്ങളും ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എഡിഎം ഇന്‍ ചാര്‍ജ്ജ് അലക്സ് ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍, വിവിധ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ 75 പഞ്ചായത്തുകളിലും മോഡേണ്‍ മെഡിസിന്, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ഓഗസ്റ്റ് 16 മുതല്‍ തുടക്കമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അറിയിച്ചു. കോട്ടയം നഗരസഭയിലെ 52 വാര്‍ഡുകളുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് ഒന്നിന് 83,000 രൂപ നിരക്കില്‍ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ടെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്നും നഗരസഭ അദ്ധ്യക്ഷ ഡോ. പി.ആര് സോന അറിയിച്ചു.
- Log in to post comments