കൂരോപ്പട പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം
കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ പ്രഖ്യാപനം നടത്തി. എം. ജി ഗോവിന്ദന് നായര്‍ സ്മാരക ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വ്വഹിച്ചു. ആശുപത്രിയുടെ വികസനത്തിന് അടുത്ത ബജറ്റില്‍ കൂടുതല്‍ പണം പഞ്ചായത്ത് നീക്കി വെക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ആശുപത്രിക്ക് സ്ഥലം സൗജന്യമായി നല്കിയ എം .ജി ഗോവിന്ദന് നായരുടെ ഫോട്ടോ മന്ത്രി അനാച്ഛാദനം ചെയ്തു. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 14 ലക്ഷം രൂപയും കൂരോപ്പട ഗ്രാമപഞ്ചായത്ത് അനുവദിച്ച 21 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ രണ്ട് ബ്ലോക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബും ഇ.സി.ജി സൗകര്യവും അടക്കമുള്ള സംവിധാനങ്ങള്‍ പുതിയ ബ്ലോക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2.5 ലക്ഷം രൂപ കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏക ആശുപത്രി യാണിത്. ആര്‍ദ്രം പദ്ധതിയിലൂടെ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമാരും ലാബ് ടെക്നീഷ്യനും അധികമായി ലഭിച്ചിട്ടുണ്ട്. അതിനാല്‍ സായാഹ്ന ഒ.പി ആരംഭിക്കുന്ന കാര്യവും പരിഗണനയിലാണ്.
ഉമ്മന്‍ ചാണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെല്‍ത്ത് സെക്രട്ടറി രാജീവ് സദാനന്ദന് ഐ.എ.എസ്, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്, ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ ഡോ.സരിത ആര് നായര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി. എന്‍ വിദ്യാധരന്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന് താമരശേരി ,ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശേരി സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനു പ്രസാദ് നന്ദിയും പറഞ്ഞു. മുന്‍ ഗ്രാമ പഞ്ചായത്തംഗവും വൈസ് പ്രസിഡന്റും ആയിരുന്ന പരേതനായ എം.ജി ഗോവിന്ദന് നായര്‍ പഞ്ചായത്തിന് നല്കിയ ഒരേക്കര്‍ സ്ഥലത്താണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
(കെ.ഐ.ഒ.പി.ആര്-1732/18)
- Log in to post comments