Skip to main content

ലൈഫ് മിഷന്‍; ഏറ്റെടുത്ത 50 വീടുകളില്‍ 48 എണ്ണവും പൂര്‍ത്തീകരിച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

 

** 43 പട്ടികജാതി കുടുംബങ്ങള്‍ക്കും 3 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും 
   അടച്ചുറപ്പുള്ള ഭവനം

** രണ്ടാം ഘട്ട ഭവന നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ആദ്യഗഡു വിതരണം ചെയ്തു

     ഏവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത 50 വീടുകളില്‍ 48 എണ്ണവും പൂര്‍ത്തീകരിച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കരകുളം, ആനാട്, പനവൂര്‍, അരുവിക്കര, വെമ്പായം എന്നിങ്ങനെ അഞ്ച് ഗ്രാമപഞ്ചായത്തുകളാണ് നെടുമങ്ങാട് ബ്ലോക്കിന് കീഴിലുള്ളത്. ഇവിടെ പട്ടികജാതി വിഭാഗത്തില്‍ 43 ഗുണഭോക്താക്കള്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ മൂന്ന് ഗുണഭോക്താക്കള്‍ക്കും ജനറല്‍ വിഭാഗത്തില്‍ നാല് ഗുണഭോക്താക്കള്‍ക്കുമാണ് ലൈഫ് തുണയായത്.

രണ്ടു വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും ഇവയുടെ പൂര്‍ത്തീകരണം ഉടന്‍ ഉണ്ടാകുമെന്നും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു പറഞ്ഞു.  ഓരോ കുടുംബത്തിനും പരമാവധി നാലു ലക്ഷം രൂപ വീതമാണ് വീടുവയ്ക്കാനായി നല്‍കിയത്.  കരാര്‍ സമയത്ത് പത്ത് ശതമാനം, ബെയ്‌സ്‌മെന്റ് പൂര്‍ത്തിയായ സമയം 40 ശതമാനം, ലിന്റല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 40 ശതമാനം, മേല്‍ക്കൂര പൂര്‍ത്തിയായി വാസയോഗ്യ സമയത്ത് ബാക്കിയുള്ള പത്തു ശതമാനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി ആനുപാതിക തുക നല്‍കിക്കൊണ്ടാണ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയത്.

     ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനവും ബ്ലോക്കിന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകള്‍ക്കാകും രണ്ടാം ഘട്ടത്തിന്റെ പൂര്‍ണ ചുമതല. വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓര്‍ഫീസര്‍മാര്‍ക്കാകും നടത്തിപ്പു ഉത്തരവാദിത്തം.  ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഗ്രാമസഭാ തലത്തില്‍ പട്ടിക ശേഖരിച്ചു വരികയാണ്. വിവര ശേഖരണം പൂര്‍ത്തിയായ രണ്ടു ഗ്രാമപഞ്ചായത്തുകളില്‍ ഭവന നിര്‍മാണത്തിന്റെ ആദ്യ ഗഡു വിതരണം നടന്നതായി ജോയിന്റ് ബി.ഡി.ഒ (ഹൗസിംഗ്) എം. ജമാലുദ്ദീന്‍ അറിയിച്ചു.
(പി.ആര്‍.പി. 2087/2018)

date