Skip to main content

സ്വാതന്ത്രദിനത്തില്‍ മന്ത്രി എ.കെ ബാലന്‍ പതാക ഉയര്‍ത്തും 

 

72-മത് സ്വാതന്ത്രദിനത്തില്‍ പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന ജില്ലാതല പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. സ്വതന്ത്രദിന പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന സ്റ്റാന്‍ഡിങ് സെലിബ്രേഷന്‍ കമ്മിറ്റി യോഗത്തിലാണ് ജില്ലാ കലക്ടര്‍ തീരുമാനം അറിയിച്ചത്.    എ.ആര്‍ ക്യാംപ് കമാന്‍ഡറുടെ നേതൃത്വത്തില്‍  സ്വാതന്ത്ര ദിന പരേഡിന് മുന്നോടിയായുളള പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി കരിമരുന്ന് പ്രയോഗം ഒഴിവാക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 

എ.ആര്‍ പൊലിസ്, കെ.എ.പി, ലോക്കല്‍ പൊലിസ്, എക്സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡ്സ്, വാളയാര്‍ ഫോറസ്റ്റ് സ്കൂള്‍ ട്രെയിനീസ്, എന്‍.സി.സി, സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്‍റ് പൊലീസ്, വാളയാര്‍ ഫോറസ്റ്റ് സ്കൂളിലെ വനിതാ കാഡറ്റുമാര്‍ എന്നിവര്‍ പരേഡില്‍ പങ്കെടുക്കും.  പരേഡ് നടക്കുമ്പോള്‍ കോട്ടമൈതാനത്ത് പൂര്‍ണ സജ്ജമായ മെഡിക്കല്‍ ടീമും എല്ലാ സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സും സജ്ജമായിരിക്കും. 

പൂര്‍ണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കിയാണ് പരിപാടികള്‍ നടത്തുക. ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഏകദേശം 600 പേര്‍ക്കിരിക്കാവുന്ന പന്തലാണ് ക്രമീകരിക്കുന്നത്. സ്വാതന്ത്ര ദിനത്തില്‍ അങ്കണവാടികളടക്കം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി. അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് പൊലീസ്, അഗ്നിശമനസേന എന്നിവരെ ചുമതലപ്പെടുത്തി. 
എ.ഡി.എം ടി. വിജയന്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, സ്കൂള്‍ അധികൃതര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date