Skip to main content

കാലവര്‍ഷക്കെടുതി: മാറ്റിപ്പാര്‍പ്പിക്കുന്നതിന് മുമ്പായി വീടുകളില്‍ ശുചിത്വം ഉറപ്പാക്കും- ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലവര്‍ഷക്കെടുതി മൂലം ക്യാമ്പുകളില്‍ താമസിക്കുന്നവരെ സ്വന്തം വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് മുമ്പായി വീടും പരിസരവും ക്യത്യമായ ആരോഗ്യ-ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കാലവര്‍ഷ ക്കെടുതിയുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ നടന്ന  യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍.  വെള്ളം കയറിയതിനെ തുടര്‍ന്ന് മലിന ജലം കിണറുകളിലും മറ്റും എത്തി ഗുരുതരമായ പകര്‍ച്ച വ്യാധികള്‍ക്കും മറ്റും സാധ്യതയുള്ളതായി ഭയക്കുന്നുണ്ട്. ആയതിനാല്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണം.
പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണമായ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനായി ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍,സെക്രട്ടിമാര്‍ എന്നിവരുടെ യോഗം ഇന്ന് (ആഗസ്ത് 20) വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വൈകിട്ട് വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ യോഗവും നടത്തും.
     എല്ലാവരുടെയും സഹകരണത്തോടെ വീടുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തുര്‍ന്ന് ഒരാഴ്ച തുടര്‍ച്ചയായി കിണറുള്‍പ്പെടെയുള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും .ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ കുടുംബശ്രി,എന്‍.വൈ.കെ. ഹരിത സേന തുടങ്ങിയവരുടെ സേവനം ഉപയോഗിക്കും. പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായി സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തുടര്‍ന്ന് ഒരു മാസം തിങ്കള്‍,വെള്ളി ദിവസങ്ങളില്‍ മാത്രം ക്ലോറിനേഷന്‍ നടത്തും. പിന്നീട് ഒരു മാസം ആഴ്ചയിലൊരിക്കല്‍ ക്ലോറിനേഷന്‍ നടത്തും. പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് പഞ്ചായത്ത് ഡപ്യുട്ടി ഡയരക്ടര്‍ എല്ലാ ദിവസവും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ശുചീകരണം പ്രവര്‍ത്തനം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ശേഷം കുടുംബങ്ങളെ ക്യാമ്പുകളില്‍ നിന്ന് മാറ്റിയാല്‍ മതിയെന്നാണ് ഉദ്ദേശിക്കുന്നത്.

ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ വസ്ത്രം,ഭക്ഷണം തുടങ്ങിയ അനുബന്ധ സാമഗ്രികള്‍ ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്. കൂടുതലായതില്‍ ഒരു ലോഡ് ത്യശൂരിലേക്ക് അയച്ചു കഴിഞ്ഞു. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് തിരിച്ചു പോകുമ്പോള്‍ ഭകഷണ കിറ്റും വസ്ത്രങ്ങളും ആവശ്യമായി വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇതും കൂടി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

മെഡിക്കല്‍ ഹബ് ഉണ്ടാവും.
ക്യാമ്പുകളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നിരീക്ഷീക്കാനും ആവശ്യമായ മരുന്ന് എല്ലയിടത്തും എത്തിക്കാനും ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് മെഡിക്കല്‍ ഹബ് പ്രവര്‍ത്തിക്കും.പകര്‍ച്ച വ്യാധികള്‍ തടയുന്നതിനാവശ്യമായ എല്ലാ തരം മരുന്നുകളും ജില്ലയില്‍ സ്റ്റോക്കുണ്ട്. ജലജന്യ രോഗങ്ങള്‍, കൊതുക്ജന്യ രോഗങ്ങള്‍ തടയുന്നതിനാവശ്യമായി ആരോഗ്യ  വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കുക.
യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫിസര്‍ സര്‍വ്വെ ഡയരക്ടര്‍ പാട്ടീല്‍ അജിത് ഭഗവത് റാവു പ്രസംഗിച്ചു. പി.ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണക്യഷ്ണന്‍, എ.ഡി.എം.വി.രാമചന്ദ്രന്‍, ഡപ്യുട്ടി കലക്ടര്‍മാരായ ഡോ.ജെ.യു.അരുണ്‍, സി.അബ്ദുല്‍ റഷീദ് ,പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date