Skip to main content

പെരുവെമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകളുടെ കുടിവെള്ള- ജലസേചന പ്രശ്‌നത്തിന് ശാശ്വത പരിഹാരം ചിറ്റൂര്‍ പുഴക്ക് കുറുകെ റെഗുലേറ്റര്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ജില്ലയില്‍ കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള പ്രധാന ആശ്രയമായ ചിറ്റൂര്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന റെഗുലേറ്ററിന്റെ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളിയില്‍ വടകരപ്പള്ളിക്ക് സമീപം ചിറ്റൂര്‍ പുഴക്ക് കുറുകെയാണ് റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നത്. കിഫ്ബിയുടെ 19.84 കോടി രൂപ ഫണ്ടില്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് റെഗുലേറ്റര്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. മണ്ണിലെ ജലനിരപ്പ് നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടെ ഇരുകരകളിലുമുള്ള പ്രദേശത്തെ കിണറുകള്‍ ജലസമ്പുഷ്ടമാകും. കൂടാതെ ചിറ്റൂര്‍ പുഴയുടെ ആയക്കെട്ട് പ്രദേശത്ത് ജല ലഭ്യത ഉറപ്പുവരുത്താനും കൂടിയ അളവില്‍ കുടിവെള്ളം നല്‍കാനും സ്വകാര്യ പമ്പിങ്ങും ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം അനുവദിക്കുന്നതിലൂടെ നാണ്യവിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കും. റെഗുലേറ്ററിന്റെ പൂര്‍ത്തീകരണത്തോടെ രൂപപ്പെടുന്ന ജലസംഭരണി ഭാവിയില്‍ ഫലപ്രദമായ രീതിയില്‍ മത്സ്യകൃഷിക്ക് ഉപയോഗപ്പെടുത്താനാകും.

date