പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഏകോപനത്തോടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. കൊല്ലം ജില്ലയ്ക്കൊപ്പം പത്തനംതിട്ടയിലേക്കും സഹായമെത്തിക്കുന്ന ഏകോപിത പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി കൊല്ലം കലക്ട്രേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇരു ജില്ലകളിലേയും പൊലിസും അഗ്നിശമന സേനയും മറ്റു പ്രധാന വകുപ്പുകളും പരസ്പരം ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണം. കൊല്ലത്ത് നിന്ന് രണ്ടു ദിവസം കൊണ്ട് 26 വള്ളങ്ങള്‍ പത്തനംതിട്ടയിലേക്ക് അയക്കാനായിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ വള്ളങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണം.
വൈദ്യുതി തടസം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം വനമേഖലയില്‍ പ്രത്യേക ശ്രദ്ധചെലുത്തി നടപടികളെടുക്കാനാണ് വൈദ്യുതിബോര്ഡിനുള്ള നിര്‍ദേശം. ഗതാഗത തടസ്സമുണ്ടാക്കുന്ന മരങ്ങള്‍ പൊതുമരാമത്ത് വിഭാഗം മുന്‍കൈയെടുത്ത് മുറിച്ചു നീക്കണം.
ആരോഗ്യവകുപ്പിന്റെ സംഘത്തോടൊപ്പം എന്‍. എസ്. സഹകരണ ആശുപത്രിയിലേയും ഐ.എം.എയുടേയും വിദഗ്ധരും ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. അസുഖബാധിതരായി ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരെ പരിശോധിച്ച് മരുന്ന് നല്‍കുന്നതിനൊപ്പം ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റണം. പരമാവധി പേര്‍ക്ക് ചികിത്സ നല്‍കാനുള്ള സംവിധാനം ആശുപത്രികളില്‍ ഉറപ്പാക്കണം.
ടെലഫോണ്‍ സേവനം തടസ്സം കൂടാതെ നിലനിറുത്തുന്നതിന് പ്രത്യേക ശ്രദ്ധചെലുത്താനും നടപടികള്‍ സ്വീകരിക്കാനും ബി. എസ്. എന്‍. എല്ലിന് മന്ത്രി നിര്‍ദേശം നല്കി.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, സബ്കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ. നമ്പര്‍ 1900/18)
- Log in to post comments