മഴക്കെടുതി ദുരിതാശ്വാസം; അവധി മറന്ന് സര്‍ക്കാര്‍ ജീവനക്കാര്‍
മഴക്കെടുതിയെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്ന കൊല്ലം ജില്ലയില്‍ ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് ഇന്നലെയും (ഓഗസ്റ്റ് 19 ഞായര്‍) സര്‍ക്കാര്‍ ജീവനക്കാര്‍ കര്‍മനിരതരായിരുന്നു. സിവില്‍ സ്റ്റേഷനിലെയും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ ഹാജരായിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ക്യാമ്പുകളില്‍ എത്തിക്കുന്നതിനുള്ള അവശ്യ വസ്തുക്കളുടെ ശേഖരണം, തരംതിരിക്കല്‍, വിവിധ കേന്ദ്രങ്ങളിലേക്ക് ആവശ്യമനുസരിച്ച് എത്തിച്ചുകൊടുക്കല്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങിയവയായിരുന്നു പ്രധാന ജോലികള്‍.
ദുരിതബാധിത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സേവനമനുഷ്ടിക്കുന്നു. പ്രകൃതി ക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ കഴിയുംവിധം പ്രവര്‍ത്തിച്ച ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ എസ്. കാര്‍ത്തികേയന്‍ അഭിനന്ദിച്ചു. (പി.ആര്‍.കെ. നമ്പര്‍ 1923/18)
- Log in to post comments