Skip to main content

ദുരിതാശ്വാസത്തിന് അതിരുകളില്ല;  സമീപ ജില്ലയിലുള്ളവര്‍ ഇവിടെ സുരക്ഷിതര്‍

 

മഴക്കെടുതിയുടെ ദുരിതംപേറുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് ആശ്വാസത്തിന്റെ തണലൊരുക്കി കൊല്ലം. ജില്ലാ അതിര്‍ത്തിയായ ഓച്ചിറയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും കൊല്ലം നഗരത്തിലെ തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളിലുമാണ് അയല്‍ ജില്ലയിലുള്ളവര്‍ക്കായി ദുരതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയത്. 

ആലപ്പുഴ, കോട്ടയം ജില്ലക്കാരായ കുടുംബങ്ങള്‍ ഇരു ക്യാമ്പുകളുടേയും സുരക്ഷയില്‍ ജീവിതത്തിലേക്ക് മടങ്ങുകയാണ്. 42 കുടുംബങ്ങളിലെ 162 പേരാണ് ഓച്ചിറ ക്യാമ്പിലുള്ളത്.

പ്രളയത്തില്‍ നിന്ന് രക്ഷപെട്ട ചമ്പക്കുളം സ്വദേശിയായ സുരേഷിനും ഭാര്യ ഓമലാള്‍ക്കും മക്കളായ ശ്രീലക്ഷ്മിയ്ക്കും ഗംഗയ്ക്കും ഇത് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്. കൊല്ലം ഓച്ചിറയില്‍ സുരക്ഷിതരായി എത്തിയ ഇവരെ സ്‌കൂളിലെ ക്യാമ്പിലേക്ക് ഉദ്യോഗസ്ഥ സംഘമാണ് കൊണ്ടു വന്നത്. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിനിടെ ജില്ലയിലൊരുക്കിയ സൗകര്യങ്ങള്‍ നന്ദിയോടെ അനുഭവച്ചറിയുകയാണ് ഈ കുടുംബം. ആഹാരവും വസ്ത്രവും മരുന്നുമൊക്കെ ലഭിച്ചതോടെ മടങ്ങിപ്പോക്കിന്റെ പ്രതീക്ഷയാണ് ഇവര്‍ക്ക് മുന്നില്‍ ഇനിയുള്ളത്. സുരേഷിന്റെ അനുഭവസാക്ഷ്യം ശരിവയ്ക്കുകയാണ് മറ്റെല്ലാവരും. 

ആലപ്പുഴ കാരിച്ചാല്‍ സ്വദേശികളായ 51 കുടുംബങ്ങളിലെ 190 പേരാണ് ഇന്‍ഫന്റ് ജീസസ് സ്‌കൂളിലുള്ളത്. മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയവരെ ക്യു. എസ്. എസ്. ഇടപെട്ടാണ് സ്‌കൂളിന്റെ സുരക്ഷയിലേക്ക് എത്തിച്ചത്. ഇരു ക്യാമ്പുകളിലുമെത്തിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കി. 

(പി.ആര്‍.കെ. നമ്പര്‍ 1927/18)

 

date