Skip to main content

വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ശുചീകരണം നാലു ദിവസത്തിനകം പൂര്‍ത്തിയാക്കണം - മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ജില്ലയിലെ വെള്ളപ്പൊക്ക മേഖലകളിലെ ശുചീകരണം നാലു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച സംബന്ധിച്ച് കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 

പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് ശുചീകരണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ലഭ്യമായ എല്ലാ സംവിധാനങ്ങളും ഇതിനായി പ്രയോജനപ്പെടുകയാണ് വേണ്ടത്. വെള്ളമിറങ്ങിയ മേഖലകള്‍ അതിവേഗം ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണം. 

പകര്‍ച്ച രോഗങ്ങള്‍ പടരുന്നത് തടയാനുള്ള മുന്‍കരുതലിന് ആരോഗ്യവകുപ്പ് പ്രഥമ പരിഗണന നല്‍കണം. മറ്റു ആരോഗ്യ പ്രശ്‌നങ്ങളിലും വിദഗ്ധരുടെ സേവനം ഉറപ്പാക്കണം. ക്യാമ്പുകളിലും വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ആവശ്യമായ പരിശോധനകളും മരുന്ന് വിതരണവും നടത്തണം. താത്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം.

റവന്യൂ, പോലീസ് വിഭാഗങ്ങള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. ആദ്യഘട്ട ദുരിതാശ്വാസ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമത ഉറപ്പാക്കണം. 

ജല അതോറിറ്റി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണം. പൈപ്പ് വഴി കുടിവെള്ളം എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ ടാങ്കറുകളില്‍ വെള്ളം ലഭ്യമാക്കുന്നത് കാര്യക്ഷമമായി തുടരേണ്ടതുണ്ട്. കുഴല്‍ക്കിണറുകള്‍ പരമാവധി പ്രയോജനപ്പെടുത്തി വെള്ളത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കണം.  

മത്സ്യത്തൊഴിലാളികളുടെ സേവനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഇടയാക്കിയത്. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ നിന്നുള്ള ഇരുന്നൂറിലേറെ വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ബോട്ടുകള്‍ വിട്ടു നല്‍കിയത് കൊല്ലത്ത് നിന്നാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും വള്ളങ്ങളും മത്സ്യത്തൊഴിലാളികളുമെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയായിരുന്നു. 70 ശതമാനം ദുരിതബാധിതരേയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ്. സൈന്യവും നാട്ടുകാരും ചേര്‍ന്നാണ് ശേഷിക്കുന്ന രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

അടിയന്തര സാഹചര്യം നേരിടുന്നതില്‍ കൊല്ലം ജില്ലാ ഭരണകൂടം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. സമീപ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്ത് മാതൃകയാകാന്‍ കഴിഞ്ഞു. ദുരന്തം നേരിടുന്നതിനായി എന്തു ചെയ്യണമെന്നതിന് ഉദാഹരണമായി ഇവിടുത്തെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടാം. 

ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പോലീസ്, റവന്യൂ, പഞ്ചായത്ത്, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. കേരള വാട്ടര്‍ അതോറിറ്റിയും വൈദ്യുതി വകുപ്പും അടിയന്തര സാഹചര്യം നേരിടുന്നതില്‍ കുറ്റമറ്റ പ്രവര്‍ത്തനമാണ് നടത്തിയത്. മത്സ്യഫെഡ് നിര്‍ണയാക പങ്കാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വഹിച്ചത്. 651 വള്ളങ്ങള്‍ക്കായി 34807 ലിറ്റര്‍ മണ്ണെണ്ണയും 3895 ലിറ്റര്‍ ഡീസലും 230 ലൈഫ് ജാക്കറ്റുകളും നല്‍കി.  രക്ഷാപ്രവര്‍ത്തനത്തിന്  സഹായകമാകുംവിധം വിവരങ്ങള്‍ കൈമാറുന്നതില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ ഇടപെടല്‍ ശ്രദ്ധേയമായി. അവധിയെടുക്കാതെ 24 മണിക്കൂര്‍ സേവനം കാഴ്ചവച്ച ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. 

ജില്ലയില്‍ മഴക്കെടുതി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കിണറുകളും മറ്റു  കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്യണം. 

പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങളും കുടിവെള്ളം, സാനിട്ടറി തകരാര്‍ എന്നിവയും പരിഹരിക്കുന്നതിനാവശ്യമായ വിദഗ്ധരുടെ സാന്നിദ്ധ്യം ബന്ധപ്പെട്ട വകുപ്പുകളും പഞ്ചായത്തുകളും ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 

മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം ബി. ശശികുമാര്‍,  മത്സ്യഫെഡ് എം.ഡി. ലോറന്‍സ് ഹരോള്‍ഡ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ. പ്രതീപ് കുമാര്‍ തുടങ്ങിയവരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

(പി.ആര്‍.കെ. നമ്പര്‍ 1931/18)

 

date