Skip to main content

അയല്‍ക്കൂട്ടങ്ങളുടെ ഒരാഴ്ച്ചത്തെ സമ്പാദ്യം ദുരിതാശ്വാസത്തിന്; ജില്ലയില്‍ കുടുംബശ്രീ സമാഹരിച്ചത് ഒരു കോടി രൂപ

 

ഒരാഴ്ച്ചത്തെ സമ്പാദ്യം പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി നീക്കിവച്ചപ്പോള്‍ കൊല്ലം ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സമാഹരിച്ചത് ഒരു കോടി രൂപ. ഇതില്‍ 86 ലക്ഷം രൂപ കുടുംബശ്രീ ജില്ലാ മിഷന്‍ സംസ്ഥാന മിഷന്‍ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.  ജില്ലയിലെ 73 സി.ഡി.എസുകള്‍ക്കു കീഴിലുള്ള ഇരുപതിനായിരത്തോളം അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് തുക സ്വരൂപിച്ചത്. 

കുടുംബശ്രീ രൂപം നല്‍കിയ സന്നദ്ധ സംഘങ്ങള്‍ കൊല്ലം ജില്ലയിലെയും അയല്‍ ജില്ലകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അയല്‍ക്കൂട്ടങ്ങള്‍ക്ക് പുറമെ കുടുംബശ്രീയുടെ സംരംഭകര്‍, പരിശീലന ഗ്രൂപ്പുകള്‍ സേവന ഗ്രൂപ്പുകള്‍, നിര്‍ഭയ വോളണ്ടിയര്‍മാര്‍ എന്നിവര്‍ മുഖേന തുണിത്തരങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, സോപ്പ് മുതലായവ ശേഖരിച്ച് നല്‍കിയിട്ടുണ്ട്.

നെടുമ്പനയിലെ കുടുംബശ്രീ അപ്പാരല്‍ യൂണിറ്റ് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള റെഡിമെയ്ഡ്   വസ്ത്രങ്ങള്‍ സംഭാവന ചെയ്തു. ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍ ഒരു ലക്ഷം രൂപയും അന്‍പതിനായിരം രൂപ വിലവരുന്ന പൂരക പോഷകാഹാരവും സമാഹരിച്ച് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും വിഭവ, ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ് അറിയിച്ചു.

(പി.ആര്‍.കെ. നമ്പര്‍ 1972/18)

 

date