Skip to main content

തിരുവോണ നാളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നാടിന്റെ ആദരം

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആയിരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന മത്സ്യത്തൊഴിലാളികളെ ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പറേഷനും മത്സ്യഫെഡും ചേര്‍ന്ന് ആദരിച്ചു. വാടി കടപ്പുറത്ത് നടന്ന ചടങ്ങ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. 

തൊഴിലും വരുമാനവും എല്ലാം ഉപേക്ഷിച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ കാണിച്ച മാതൃക രാജ്യത്തിനാകെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. അവരുടെ ജീവനോപാധിയായ വള്ളങ്ങളെല്ലാം സര്‍ക്കാര്‍ അറ്റകുറ്റപ്പണി തീര്‍ത്തു നല്‍കും. പൂര്‍ണമായും നശിച്ചവയ്ക്ക് പകരം നല്‍കുന്നത് ആലോചിക്കുന്നുണ്ട്. കേടായ എഞ്ചിനുകളും നന്നാക്കി നല്‍കുകയാണ്. പുതിയവ നല്‍കുന്നത് പരിഗണനയിലുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടര കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്.  

മത്സ്യത്തൊഴിലാളികളെ കൂടുതലായി പൊതുധാരയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സ്യത്തിന് ന്യായവില നല്‍കി വരുമാനം സംരക്ഷിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാനും തീരുമാനിച്ചു. 

ജില്ലാഭരണകൂടത്തോടൊപ്പം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട പൊലിസും മറ്റു ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളേയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ പ്രശംസാപത്രം മന്ത്രി സമ്മാനിച്ചു. 

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാജ്യത്തിനാകെ മാതൃകയാണെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. കോര്‍പറേഷന്റെ പ്രശംസാപത്രം, പുതുവസ്ത്രം എന്നിവയുടെ വിതരണം നടത്തുകയായിരുന്നു അദ്ദേഹം. കരയും കടലും മാത്രമല്ല മലയോരവും മത്സ്യത്തൊഴിലാളികളുടെ കയ്യില്‍ സുരക്ഷിതമാണ് എന്നതിന്റെ തെളിവാണ് അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം. മലയോരമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. 

കൊല്ലം കോര്‍പറേഷന്‍, ജില്ലാഭരണകൂടം എന്നിവയുടെ പ്രശംസാപത്രം ചടങ്ങില്‍ സമ്മാനിച്ചു. തമിഴ്‌നാട് പൗള്‍ട്രി അസോസിയേഷന്‍ ദുരിതാശ്വാസത്തിന് നല്‍കിയ 15 ലക്ഷം രൂപയും വിശിഷ്ടാതിഥികള്‍ സ്വീകരിച്ചു. സിറ്റിപൊലിസ് ഏര്‍പ്പെടുത്തിയ മെമന്റോകളും വിതരണം ചെയ്തു. 

െകാല്ലം കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു അധ്യക്ഷനായി. ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ രക്ഷാദൗത്യത്തില്‍ കാട്ടിയ ധൈര്യവും ആത്മാര്‍ത്ഥതയും അനുകരണീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. പി. മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, എം. എല്‍. എ മാരായ എം. മുകേഷ്, എം. നൗഷാദ്, ആര്‍. രാമചന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ്, കൗണ്‍സിലര്‍ ഷീബ ആന്റണി, മത്സ്യഫെഡ് ചെയര്‍മാന്‍ പി. പി. ചിത്തരഞ്ജന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ അരുള്‍ ആര്‍. ബി. കൃഷ്ണ, സബ്കലക്ടര്‍ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, മത്സ്യഫെഡ് എം. ഡി. ഡോ. ഹരോള്‍ഡ് ലോറന്‍സ്, കോര്‍പറേഷന്‍ സെക്രട്ടറി വി. ആര്‍. രാജു, ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം എച്ച്. ബെയ്‌സില്‍ ലാല്‍ ഹ്യൂബര്‍ട്ട്, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ എ. അനിരുദ്ധന്‍, എ. ആന്‍ഡ്രൂസ്, ബിജു ലൂക്കോസ്, പി. ജയപ്രകാശ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം തുടങ്ങിയവര്‍ പങ്കെടുത്തു. 

(പി.ആര്‍.കെ. നമ്പര്‍ 1986/18)

date