Skip to main content

പ്രശ്‌നബാധിതമായ 210 വാര്‍ഡുകളിലും ക്ലോറിനേഷന്‍ പൂര്‍ത്തിയാക്കി പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് 

    ജില്ലയില്‍ മഴ കുറയുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ആര്‍. സന്ധ്യ  അറിയിച്ചു.

   മഴ വെള്ളം ഇറങ്ങിയെങ്കിലും പല പ്രദേശങ്ങളിലും   വീടുകളുടെ ടെറസുകളിലും ഒഴുക്കു തടസപ്പെട്ട ഓടകളിലും വീട്ടു പരിസരങ്ങളിലെ പാത്രങ്ങളിലുമൊക്കെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇവിടങ്ങളില്‍ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ മലമ്പനി, ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ കൊതുകു ജന്യ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

   എല്ലാ വീടുകളിലും ഉറവിട നശീകരണം നടത്തുന്നു എന്ന് ഉറപ്പാക്കാന്‍ ആശാ വര്‍ക്കര്‍മാരും അങ്കണവാടി പ്രവര്‍ത്തകരും ആരോഗ്യ സേനയും ഗൃഹസന്ദര്‍ശനം നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് മേല്‍നോട്ടം വഹിക്കണം. സ്‌ക്വാഡുകളായാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത്. ഉറവിടങ്ങളില്‍ കൂത്താടി നശീകരണ ലായനികള്‍ ആവശ്യാനുസരണം ഉപയോഗിക്കണം. കൊതുകുന്റെ  സാന്ദ്രത കൂടുതലായി കണ്ടെത്തിയാല്‍  ഫോഗിംഗ് നടത്താം. കൊതുകു-കൂത്താടി സാന്ദ്രതാ പഠനം ഊര്‍ജ്ജിതമാക്കണം. 

   ഉറവിട നശീകരണത്തിനായി ജില്ലയില്‍ ഓഗസ്റ്റ് 30ന്  സ്‌ക്വാഡ് വര്‍ക്ക് നടത്തും. അന്ന് പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ 31ന് ഉറവിട നശീകരണം പൂര്‍ത്തീകരിക്കണം. ഉറവിടങ്ങളായി കണ്ടെത്തുന്ന വെള്ളക്കെട്ടുകള്‍ സെപ്റ്റംബര്‍ ഒന്നിന്  പഞ്ചായത്തുകളുടെ  സഹായത്തോടെ ശുചീകരിക്കണം. സെപ്റ്റംബര്‍ ആറിനും ഏഴിനും രണ്ടാം റൗണ്ട് ഭവന സന്ദര്‍ശനം നടത്തണം. സെപ്റ്റംബര്‍ 12നും 13 നും ഡ്രൈ ഡേ ആചരിക്കണം. പ്രാഥമിക - സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സേവനം ലഭിക്കും .

   മുന്‍വര്‍ഷങ്ങളില്‍ കൂത്താടി സാന്ദ്രതയും കൊതുകു സാന്ദ്രതയും കൂടുതലായി കണ്ടെത്തിയ സ്ഥലങ്ങളില്‍  സംസ്ഥാന എന്റമോളജി  വകുപ്പിന്റെ സഹായത്തോടെ കൂടുതല്‍ പഠനം നടത്തും. ഈ മാസം 25ന് തൊടിയൂര്‍, കെ.എസ്. പുരം മേഖലകളിലും ഇന്നലെ (ഓഗസ്റ്റ് 27) കൊല്ലം കോര്‍പ്പറേഷന്‍ മേഖലയിലും പഠനം നടത്തിയിരുന്നു. ഇന്ന്(ഓഗസ്റ്റ് 28) പത്തനാപുരത്തും പഠനപ്രവര്‍ത്തനങ്ങള്‍ നടക്കും.

   ജില്ലയില്‍ ഫോഗിംഗ് മെഷീനുകള്‍, സ്‌പ്രേയര്‍ പമ്പുകള്‍, കൂത്താടി നശീകരണ ലായനി തുടങ്ങിയവ പി.എച്ച്.സികളിലും സി.എച്ച്.സികളിലും ലഭ്യമാക്കിയിട്ടുണ്ട്. പനി ബാധയും കൂത്താടി സാന്ദ്രതയും നിരീക്ഷണ വിധേയമാക്കുന്നുണ്ട്. പൊതുജനങ്ങള്‍ വീടും പരിസരവും ശുചീകരിച്ച് കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കണം. 

    വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളിക ഡോക്‌സിസൈക്ലിന്‍ ആഴ്ച്ചയില്‍ രണ്ടെണ്ണംവീതം ആറ് ആഴ്ച്ച വരെ കഴിക്കണം. ഈ ഗുളികയ്ക്ക് പാര്‍ശ്വ ഫലങ്ങളില്ല. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഗുളിക കഴിക്കാതിരുന്നാല്‍  എലിപ്പനി ബാധിക്കാന്‍ സാധ്യതയുണ്ട്. ക്ലോറിന്‍ ഗുളികകളും  വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള ക്ലോറോസ്‌കോപ്പ്, ബാക്ട്രോസ്‌കോപ്പ് എന്നിവയും പി.എച്ച്‌സി, സി.എച്ച്.സി തലങ്ങളില്‍ ലഭ്യമാണ്.

   കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് പ്രശ്‌ന ബാധിതമായി ആരോഗ്യ വകുപ്പ് കണ്ടെത്തിയ 49 വില്ലേജുകളിലെ 210 വാര്‍ഡുകളിലും ക്ലോറിനേഷന്‍ പൂര്‍ത്തീകരിച്ചു.  വെള്ളം കെട്ടിക്കിടന്ന സ്ഥലങ്ങളിലെ കിണറുകള്‍ ആഴ്ച്ചയില്‍ ഒരു തവണ വച്ച് നാല് ആഴ്ച്ച സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും.  

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ ആശുപത്രികളിലും എല്ലാ മരുന്നുകളും ലഭ്യമാണെന്ന് ഡോ. സന്ധ്യ പറഞ്ഞു. 
(പി.ആര്‍.കെ. നമ്പര്‍ 1993/18)

date