Skip to main content

പ്രളയമേഖലകളുടെ അതിജീവന പോരാട്ടത്തിന്  കരുത്തേകി കൊല്ലം ജില്ല

 

•    കുടുംബശ്രീ ശുചീകരിച്ചത് 350 വീടുകള്‍

•    3000 വോളണ്ടിയര്‍മാരുമായി ശുചിത്വ മിഷന്‍

•    കര്‍മ്മനിരതരായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും

      സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രളയബാധിത മേഖലകളുടെ പോരാട്ടത്തിന് കരുത്തു പകര്‍ന്ന് കൊല്ലം ജില്ല. രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന  കൊല്ലം ഈ പ്രദേശങ്ങളില്‍ ശുചീകരണത്തിലും നിര്‍ണായക പങ്കുവഹിക്കുകയാണ്. 
   

ജില്ലയിലെ 2000 കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്നലെ ചെങ്ങന്നൂര്‍ മേഖലയിലെ 350 വീടുകളും ആരാധനാലയങ്ങയും പൊതുസ്ഥലങ്ങളും ശുചിയാക്കി. അതിരാവിലെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ സന്ധ്യവരെ നീണ്ടു. കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍, കടയ്ക്കല്‍, തൃക്കോവില്‍വട്ടം, കുത്തുപ്പുഴ പഞ്ചായത്ത് പ്രസിഡന്റുമാരും ഇതില്‍ പങ്കുചേര്‍ന്നു.  ജില്ലയിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാര്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ.ജി. സന്തോഷും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജുവും പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചു. 

  ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിച്ച മൂന്നു ലക്ഷം രൂപ വില വരുന്ന വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ദുരിത മേഖലയില്‍ കൈമാറി. വരുംദിവസങ്ങളിലും ചെങ്ങന്നൂര്‍, കുട്ടനാട് മേഖലകളിലെ ശുചീകരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ജില്ലയില്‍ നിന്ന് കുടുംബശ്രീ പ്രവര്‍ത്തകരെ വിന്യസിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ കുടുംബശ്രീ കൂട്ടായ്മകള്‍ 1.10 കോടി രൂപ  സമാഹരിച്ചു നല്‍കിയിരുന്നു.

   പത്തനംതിട്ട ജില്ലയിലെ കടപ്ര, പാണ്ടനാട് പ്രദേശങ്ങളില്‍ കൊല്ലം ജില്ലാ ശുചിത്വമിഷന്റെയും ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ ശുചീകരണം നടത്തി.

   മൂവായിരം എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്കൊപ്പം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ശുചിത്വമിഷന്‍ ജീവനക്കാരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. കടപ്ര ഗ്രാമപഞ്ചായത്തിലെ 650 വീടുകള്‍, 17 കിണറുകള്‍, 11 അങ്കണവാടികള്‍, അഞ്ച് സ്‌കൂളുകള്‍, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ 72 വീടുകള്‍, തിരുവന്‍വണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചാമക്കാല ഫിഷര്‍മെന്‍ റോഡ് എന്നിവയാണ് ഇവര്‍ ശുചിയാക്കിയത്. 

   ശുചീകരണത്തിനുശേഷം ബ്ലീച്ചിംഗ് പൗഡര്‍ വിതറി അണുനശീകരണവും കിണറുകളുടെ ക്ലോറിനേഷനും നടത്തി. ശുചീകരിച്ച വീടുകളിലും പ്രദേശത്തെ കോളനികളിലും 1500 ഓളം ഭക്ഷണ കിറ്റുകള്‍ വിതരണംചെയ്തു. 

  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി. അനില്‍, നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, സംസ്ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, എന്‍.എസ്.എസ് കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. നൗഷാദ് എസ് എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരും ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരും പങ്കുചേര്‍ന്നു. 

   കൊല്ലം ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ.ലാസറിന്റെ   നേതൃത്ത്വത്തില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബി.ഡി.ഒമാര്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘം പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വീടുകള്‍ ശുചീകരിച്ചു. 

  തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി  ഏ. അനില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ശുചീകരിച്ച വീടുകളിലെ ഇലക്ട്രിക്കല്‍, പ്ലംപില്‍ അറ്റകുറ്റപ്പണികള്‍ കൊല്ലത്തുനിന്നെത്തിയ ടെക്‌നീഷ്യന്‍മാര്‍ നിര്‍വഹിച്ചുവരുന്നു.  പെരിങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പൂര്‍ണ്ണമായും റീ വയറിംഗ് ചെയ്യുന്ന ജോലിയും ഇവര്‍ ഏറ്റെടുത്തു. 
(പി.ആര്‍.കെ. നമ്പര്‍ 1994/18)

date