ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോർജ്
*ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കും
*ഞായറാഴ്ച കുറച്ച് നേരം നമ്മുടെ ആരോഗ്യത്തിന്: ഡ്രൈ ഡേ ആചരിക്കണം
*മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതാണെന്ന് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് വാർഡുതലം മുതലുള്ള ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. എല്ലാ ജില്ലകളിലേയും ഹോട്ട് സ്പോട്ടുകൾ ജില്ലകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തണം.
ജനപ്രതിനിധികളേയും സന്നദ്ധ പ്രവർത്തകരേയും വിവിധ വകുപ്പുകളേയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഇത് ജില്ലാതലത്തിൽ ഉറപ്പ് വരുത്തേണ്ടതാണ്.
സ്വകാര്യ ആശുപത്രികളിലെ പകർച്ചപ്പനി കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. മരണം പരമാവധി ഒഴിവാക്കാൻ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ആയതിനായി സർക്കാർ, സ്വകാര്യ മേഖലയിൽ തുടർപരിശീലനങ്ങൾ പൂർത്തിയാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ പ്രത്യേകം വിശകലനം ചെയ്തു. അവരെ കാര്യക്ഷമമായി വിന്യസിപ്പിച്ചുകൊണ്ട് കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് മന്ത്രി നിർദേശം നൽകി.
വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. ആക്രിക്കട, ടയർകട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിർമ്മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയിൽ മൂടി വയ്ക്കേണ്ടത് അത്യാവശ്യമാണ്.
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്.
പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി വളരെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.
പി.എൻ.എക്‌സ്. 4485/2023
- Log in to post comments