5,38,379 കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ഗുളിക നല്‍കും ദേശീയ വിരവിമുക്ത ദിനാചാരണം ജില്ലാതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി എട്ട്)
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അയത്തില്‍ വേലായുധ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഇന്ന് (ഫെബ്രുവരി എട്ട്) ഉച്ചയ്ക്ക് 1.30ന് നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അദ്ധ്യനാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി വസന്തദാസ് മുഖ്യപ്രഭാഷണം നടത്തും.
ഒരു വയസ്സിനും 19നും ഇടയില്‍ പ്രായമുള്ള 5,38,379 കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലും അങ്കണവാടികളിലുമാണ് ഗുളികവിതരണം. കൊക്കപ്പുഴു ഉള്‍പ്പെടെയുള്ളവ ആല്‍ബന്‍ഡസോള്‍ ഗുളികവഴി പ്രതിരോധിക്കാം. ആറുമാസത്തിലൊരിക്കല്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടഞ്ഞ് ശാരീരിക വളര്‍ച്ച ഉറപ്പാക്കുന്നതിന് സഹായകമാകും.
2 വയസു വരെയുള്ള കുട്ടികള്‍ക്ക് അര ഗുളിക (200 മി.ഗ്രാം) യും 2 മുതല്‍ 3 വയസു വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 മി.ഗ്രാം) യും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. 3 മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഉച്ചഭക്ഷണത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്.
അസുഖങ്ങള്‍ ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും ഗുളിക കഴിക്കേണ്ടതില്ല. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പാക്കണം. ഇന്ന് ഗുളിക കഴിക്കാത്തവര്‍ ഫെബ്രുവരി 15 ന് രണ്ടാം ഘട്ടത്തില്‍ കഴിക്കേണ്ടതാണ്.
വിളര്‍ച്ച, ഉത്സാഹക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ്, പഠനത്തില്‍ പിന്നാക്കം പോവുക, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദന, തലകറക്കം, ഛര്‍ദി, വയറിളക്കം എന്നിവയാണ് വിരബാധയുടെ അപകടങ്ങള്‍.
മലദ്വാരത്തില്‍ ചൊറിച്ചില്‍, മലത്തിലും ഛര്‍ദിയിലും വിരകള്‍, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന, മലത്തില്‍ രക്തം എന്നിവയാണ് വിരബാധയുടെ ലക്ഷണങ്ങള്‍.
നഖം കൊണ്ട് ചൊറിഞ്ഞ ശേഷം നഖം കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുക, മണ്ണില്‍ കളിക്കുക, ഈച്ചകള്‍ വഴി, മലം കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ പകരാം.
വിരബാധ തടയാന്‍ ഭക്ഷണത്തിന് മുമ്പും ശേഷവും ടോയ്ലറ്റ് ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കാം. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കണം. മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കണം. കുട്ടികളുടെ നഖങ്ങള്‍വെട്ടി കൈകള്‍ വൃത്തിയാക്കണം. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുക. പാദരക്ഷകള്‍ സ്ഥിരമാക്കണം. ഭക്ഷണം അടച്ച്‌സൂക്ഷിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം പാടില്ല. ആറുമാസത്തിലൊരിക്കല്‍ വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുകയും വേണം.
- Log in to post comments