Skip to main content

കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനൊരുങ്ങി  ആറ്റിങ്ങല്‍ നഗരം

 

മഴക്കെടുതിയിലായ കാര്‍ഷിക മേഖലയെ തിരിച്ചുപിടിക്കാനും കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാനും ഒരുങ്ങുകയാണ് ആറ്റിങ്ങല്‍ നഗരം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആറ്റിങ്ങല്‍ നഗരസഭയും കൃഷി ഭവനും സംയുക്തമായി പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്.

പദ്ധതിയുടെ ആദ്യഘട്ടമായി  നഗരസഭയുടെ കീഴില്‍ വരുന്ന 15 റസിഡന്‍സ് അസോസിയേഷനുകള്‍ മുഖേന 2,250 കുടുംബങ്ങള്‍ക്ക് ജൈവ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ഇതിനു പുറമെ 2,500 ഗ്രോബാഗ് പച്ചക്കറിതൈകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.  ആറ്റിങ്ങല്‍ കൃഷിഭവനിലാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 

ഒക്‌ടോബര്‍ മാസം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ 4500 കുടുംബങ്ങള്‍ക്ക് ശൈത്യകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ തൈകള്‍ നല്‍കും. ഇതിനായി രണ്ടര ലക്ഷം തൈകളാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്. എട്ട് ലക്ഷം രൂപയാണ് കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി നഗരസഭ വകയിരുത്തിയിട്ടുള്ളത്.

നഗരസഭയുടെ ജൈവ പച്ചക്കറി നഗരം, ജൈവ കാര്‍ഷിക നഗരം എന്നീ പദ്ധതികളുടെ ഭാഗമായി 9000 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്ത പച്ചക്കറി തൈകളും വിവിധ പ്രദേശങ്ങളിലെ നെല്‍കൃഷിയും കനത്ത മഴയെത്തുടര്‍ന്ന് നശിച്ചിരുന്നു.
(പി.ആര്‍.പി. 2400/2018)

date