വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കും: മുഖ്യമന്ത്രി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാടകവീടുകളിലേക്ക് മാറുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വാടക ഇനത്തിൽ പ്രതിമാസം 6000 രൂപ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും ഈ തുക നൽകും.
സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നതിനാൽ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക ലഭിക്കില്ല. മുഴുവനായി സ്‌പോൺസർഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും ഈ ആനുകൂല്യം ഉണ്ടാവില്ല. ഭാഗികമായി സ്‌പോൺസർഷിപ്പ് നൽകുന്ന കേസുകളിൽ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കും.
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കുന്നതിനായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നു സമാനമായി, വിവിധ രേഖകൾ നഷ്ടപ്പെട്ടവർക്ക്, യുണിവേഴ്സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ, ഡയറക്ടറേറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് / പുതുക്കിയ രേഖകൾ നൽകുമ്പോൾ യാതൊരുവിധ ഫീസും ഈടാക്കരുതെന്ന് ഉത്തരവുണ്ട്.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്.ഡി.ആർ.എഫിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ കൂടി ചേർത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക. ഉരുൾപൊട്ടലിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടവർക്കും 60 ശതമാനത്തിൽ അധികം വൈകല്യം ബാധിച്ചവർക്ക് 75,000 രൂപ വീതവും 40 ശതമാനം മുതൽ 60 ശതമാനം വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപ വീതവും സി എം ഡി ആർ എഫിൽ നിന്ന് അനുവദിക്കാം.
ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നൽകുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. ഇതനുസരിച്ചു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൂടാതെ തന്നെ ഭാര്യ / ഭർത്താവ് / മക്കൾ / മാതാപിതാക്കൾ എന്നിവർക്ക് നഷ്ടപരിഹാരം ലഭിക്കും. സഹോദരൻ, സഹോദരി എന്നിവർ ആശ്രിതർ ആണെങ്കിൽ അവർക്കും ധന സഹായം ലഭിക്കും. പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂർണ്ണമായും ഒഴിവാക്കാനാകും. പിന്തുടർച്ചാവകാക സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമുമ്പ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂർണ്ണമായും ഒഴിവാക്കും.
ദൂരന്തത്തിൽപ്പെട്ട് കാണാതായ വ്യക്തികളുടെ ആശ്രിതർക്ക് സഹായം നൽകുന്നതിന് പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടെ കാര്യത്തിലെന്ന പോലെ പോലീസ് നടപടികൾ പൂർത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 415 സാമ്പിളുകൾ ശേഖരിച്ചതിൽ 401 ഡി.എൻ.എ പരിശോധന പൂർത്തിയായി.
ചൂരൽമല പാലത്തിന് താഴ്ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ചും നിലമ്പൂർ വയനാട് മേഖലകളിലും തെരച്ചിൽ ഊർജ്ജിതമാണ്. ഏഴു മേഖലകളായി തിരിച്ച് എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും തെരച്ചിലിൽ നടത്തുന്നുണ്ട്. ജനകീയ തെരച്ചിലിൽ ഒറ്റ ദിവസം തന്നെ 2000 ത്തോളം പേർ പങ്കെടുത്തു.
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട്ടുപകരണങ്ങൾ ഉൾപ്പെടെ നൽകി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുന്നതിന് സർക്കാർ തലത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങളാണ് ഇത് വരെ ലഭ്യമായത്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 253 കെട്ടിടങ്ങൾ വാടക നൽകി ഉപയോഗിക്കാനായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നൂറോളം വീട്ടുടമസ്ഥർ വീടുകൾ വാടകയ്ക്ക് നൽകാൻ സന്നദ്ധത അറിയിച്ചു.
താൽകാലിക പുനരധിവാസത്തിനായി ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂണിയനുകൾ ഇപ്പോൾ നൽകാൻ തയ്യാറായിട്ടുള്ള 53 വീടുകളും നൽകാമെന്നേറ്റ ബാക്കി വീടുകളുടെയും ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയൻ പ്രതിനിധികൾ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ പരിശോധന നടത്തി ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കും എന്നുൾപ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. താൽക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ മേപ്പാടി, മുപൈനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂർണ്ണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്. ചൂരൽ മലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെയും നേതൃത്വത്തിൽ വാടക വീടുകൾക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ട്. പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, സോഷ്യൽ വർക്കർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയിൽ ലഭ്യമാക്കാവുന്ന വീടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യും.
പി.എൻ.എക്‌സ്. 3569/2024
- Log in to post comments