Skip to main content
കലക്ട്രേറ്റ് പരിസരം ആര്‍.ഡി.ഒ എം.പി വിനോദിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ശുചീകരണം നടത്തുന്നു.

ഗാന്ധിജയന്തി വാരാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

 

 

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാഭരണകൂടം, ജില്ലാ ശുഛിത്വമിഷന്‍, കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ഹരിതകേരള മിഷന്‍, കുടുംബശ്രീ, സാക്ഷരതാമിഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ്, ഗാന്ധിയന്‍ സംഘടകള്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഗാന്ധിജയന്തി വാരാചരണത്തിന്റെ ഉദ്ഘാടനവും തീവ്ര ശുചീകരണം, സ്വച്ഛ് നഹി സേവാ ക്യാമ്പയിന്‍ എന്നിവയുടെ ജില്ലാതല സമാപനവും ഇന്ന് (ഒക്ടോബര്‍ 2)   തൊടുപുഴയില്‍ നടക്കും. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കാളികളാകുന്ന ഉദ്യമത്തില്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ എന്നിവ നടക്കും. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍, പ്രളയാനന്തര മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയത്തില്‍ ക്ലാസുകള്‍ നടക്കും. ശുചിത്വമിഷനും ജില്ലയിലെ എന്‍.എസ്.എസ് , എന്‍.സി.സി യൂണിറ്റുകള്‍  ചേര്‍ന്ന് സ്‌കൂള്‍, കോളേജ് ക്യാമ്പസുകളില്‍ ക്ലീന്‍ കാമ്പസ്, ഗ്രീന്‍ കാമ്പസ് നടപ്പാക്കും. വഴിത്തല ശാന്തിഗിരി കോളേജില്‍ പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുമളി പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണവും, ശുചിത്വ പരിപാലനവും വനമേഖലയിലെ മാലിന്യപ്രശ്‌നങ്ങള്‍, ശുചിത്വസംബന്ധമായ നിയമനടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കും.

തൊടുപുഴ നഗരസഭയുടെയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ മെഗാ ക്ലീനിങ്ങും, ബൈപാസ് റോഡുകള്‍ വാഹനഗതാഗതത്തിനും, പാര്‍ക്കിംഗിനും ഉപയുക്തമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും. നഗരസഭയുടെ കീഴിലുള്ള 6 ബൈപാസ്സ് റോഡുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ടാറിങ് പോര്‍ഷന്റെ ഇരുവശത്തുമുള്ള അനാവശ്യവും ഉപയോഗശൂന്യവുമായ വസ്തുക്കളും മറ്റും നീക്കം ചെയ്യും. പാര്‍ക്കിങ്ങിനും കാല്‍നടക്കാര്‍ക്ക് ഗതാഗതയോഗ്യമാവത്തക്കവണ്ണം റോഡിനിരുവശവും പൂര്‍ണമായി വീണ്ടെടുക്കുകയാണ് ഈ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജോയ്സ് ജോര്‍ജ് എം പി, പി ജെ ജോസഫ് എം എല്‍ എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ മിനി മധു, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം പിള്ള, തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 7. 30 മുതല്‍ ഉച്ചക്ക് 1 മണി വരെ നഗരസഭയുടെ കീഴിലെ 20 കേന്ദ്രങ്ങളില്‍ ഒരേ സമയം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കും.  തൊടുപുഴ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ജോയ്സ് ജോര്‍ജ് എം പി  പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. റസിഡന്‍സ് അസോസിയേഷനുകള്‍ , ജയ്ഹിന്ദ് ലൈബ്രറി, ലയണ്‍സ് ക്ലബ്, മര്‍ച്ചന്റ്സ് അസോസിയേഷന്‍, നഗരസഭ ജീവനക്കാര്‍, സ്‌കൂള്‍, കോളേജ്, എന്‍ സി സി, എന്‍ എസ് എസ്, സ്റ്റുഡന്റ് പോലീസ്, വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയ 2000ത്തോളം പ്രവര്‍ത്തകര്‍ സന്നദ്ധ സേവനത്തിനിറങ്ങും. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗം, പ്ലാനിങ് കമ്മിറ്റി അംഗങ്ങള്‍, പോലീസ് സേനാംഗങ്ങള്‍, മരാമത്ത്, റവന്യൂ, എക്‌സൈസ്, കെ എസ് ഇ ബി, ബി എസ് എന്‍ എല്‍, ഗതാഗതം എന്നീ വകുപ്പുകളുടെ പങ്കാളിത്തവും ഉണ്ടാകും.  തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രാവിലെ 9 മണിക്ക് പുറപ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടക്കും.  തൊടുപുഴ എം എല്‍ എ പി ജെ ജോസഫ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ഉള്‍പ്പെടുന്ന സംഘം സി എച് സിയും പരിസരവും ശുചീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ശേഷം 10 മണിയോടെ ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും നടക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് സിനോജ് ജോസ് പറഞ്ഞു.

 

രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയാണ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ ശുചീകരണ പരിപാടികള്‍ നടക്കുന്നത്. അടിമാലി ബ്ലോക്കില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ബ്ലോക്ക് ഓഫീസ് പരിസരം, അടിമാലി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളും ജീവനക്കാരും നേതൃത്വം നല്‍കും. മുപ്പത്തിയഞ്ചോളം ജീവനക്കാര്‍ ബ്ലോക്ക്തല ശുചീകരണ ദൗത്യത്തില്‍ പങ്കുചേരും. പഞ്ചായത്ത് തലത്തിലും വിപുലമായ പരിപാടികളാണ് അടിമാലിയില്‍ ഇന്ന് നടക്കുക. കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ വാളറ മുതല്‍ അടിമാലിവരെയുള്ള ഭാഗങ്ങളില്‍  100 പുളിമരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ അറിയിച്ചു. കൂടാതെ ടൗണ്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണവും ഇന്ന് നടക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച്  ഇന്ന് ശുചീകരണ ദൗത്യം നടക്കും.

 

ദേവികുളം ബ്ലോക്കിലും വിപുലമായ പരിപാടികളാണ്  നടക്കുക. ശുചീകരണ ദൗത്യത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എ സുന്ദര്‍ നിര്‍വഹിക്കും. മുപ്പതോളം ജീവനക്കാര്‍ ബ്ലോക്ക്തല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. തൊഴിലുറപ്പ് തൊഴിലാളികളെകൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് ബ്ലോക്ക്തലത്തില്‍ പരിപാടികള്‍ നടക്കുക. മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ നടപടികള്‍ മുന്നാര്‍, ദേവികുകുളം പഞ്ചായത്തുകളുടെ  സംയുക്ത ആഭിമുഖ്യത്തിലും നടക്കും.

 

       കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കും. രാഷ്ട്രപിതാവിന്റെ  70-ാമത് രക്തസാക്ഷ്യ വര്‍ഷത്തോടനുബന്ധിച്ച്   ഒക്‌ടോബര്‍ രണ്ടുമുതല്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന മാനവിക- മതമൈത്രി- സാംസ്‌കാരിക- ശുചിത്വ ആരോഗ്യ പരിപാടികള്‍  സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിര്‍വ്വഹിക്കും. പരിപാടിയുടെ ഭാഗമായി പ്രളയാനന്തര കേരളവും മാലിന്യസംസ്‌കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. തുടര്‍ന്ന് മാലിന്യ നിര്‍മ്മാര്‍ജനം സംബന്ധിച്ച് ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും. ബ്ലോക്ക്പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍,  സാക്ഷരതാപ്രേരക്മാര്‍, തുടര്‍വിദ്യാകേന്ദ്രത്തിലെ പഠിതാക്കള്‍, മഹിളാപ്രധാന്‍ ഏജന്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date