Skip to main content

കുണ്ടന്നൂ൪ – തേവര പാലം നവീകരണം: മരട് നിവാസികളെ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാൻ നടപടി

 

അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂ൪ – തേവര പാലം അടച്ചതിനെ തുടർന്ന് കുമ്പളം ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടി വരുന്ന മരട് നിവാസികളെ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകും.

പാലം അടച്ചതിനെ തുടർന്ന് മരട് നിവാസികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വിളിച്ച യോഗത്തിലാണ് തീരുമാനം.

പശ്ചിമകൊച്ചിയിലേക്ക് പോകുന്ന മരട് നിവാസികൾ കുണ്ടന്നൂ൪ പാലം അടച്ചതോടെ കുമ്പളം ടോൾ പ്ലാസയിലൂടെ അരൂ൪-ഇടക്കൊച്ചി വഴി സഞ്ചരിക്കേണ്ടി വരും. അതിനാൽ വലിയ തുക ടോളായി നൽകേണ്ടി വരും. ഇത് കണക്കിലെടുത്ത് മരട് നഗരസഭാ നിവാസികളെ കുമ്പളം ടോളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർ ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ യോഗം വിളിച്ചത്. 

 കുമ്പളം നിവാസികൾക്ക് നേരത്തേ ഇളവ് നൽകിയ മാതൃകയിൽ മരടിലും ടോൾ ഒഴിവാക്കാനാണ് ആവശ്യപ്പെടുക. 
വാഹനത്തിൻ്റെ ആർസി ബുക്കിലോ അല്ലെങ്കിൽ ആധാർ കാർഡിലോ രേപ്പെടുത്തിയിട്ടുള്ള വിലാസം കാണിച്ച് മരട് നിവാസിയാണെന്ന് വ്യക്തമാക്കി ടോൾ കടക്കാൻ കഴിയുന്ന വിധം ക്രമീകരണമാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂ൪, അലക്സാണ്ട൪ പറമ്പിത്തറ പാലങ്ങൾ ഒരു മാസത്തേക്ക് അടച്ചത്. അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. പാലം അടച്ചതിനെ തുടർന്നുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ വിന്യസിക്കാനും ജില്ലാ കളക്ടർ നിർദേശിച്ചു.

മരട് നഗരസഭ ചെയർമാൻ ആൻ്റണി ആശാൻ പറമ്പിൽ, കുമ്പളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. രാധാകൃഷ്ണൻ,
കൊച്ചി കോർപ്പറേഷൻ അധികൃതർ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, എൻ.എച്ച്‌.എ.ഐ. കുമ്പളം ടോൾ പ്ലാസ മാനേജർ,, പി.ഡബ്ല്യു.ഡി. എൻ.എച്ച്‌. എക്സിക്യുട്ടീവ് എൻജിനീയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date