Skip to main content

അറിയിപ്പുകൾ

വെറ്ററിനറി ഡോക്ടര്‍, 
 ഡ്രൈവര്‍ കം അറ്റന്റ് ഇന്റര്‍വ്യൂ ഇന്ന് (8)
 
 സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്  പദ്ധതിയില്‍ ഊന്നുകല്‍, മുളന്തുരുത്തി,  ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി, നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 89 ദിവസത്തേയ്ക്ക് നിലവിലുള്ള ഒഴിവുകളിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്കും  വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നീ തസ്തികളിലേക്ക് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതായുള്ള ഇന്റര്‍വ്യൂ ഇന്ന് നടക്കും.  
 
1.  വെറ്ററിനറി ഡോക്ടര്‍ ഒഴിവ് - 2
(യോഗ്യത  BVSc & AH ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും, ക്ലിനിക്കല്‍ ഒബ്‌സ്‌ട്രെറ്റിക്‌സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിക്കല്‍ സര്‍ജറി എന്നിവയില്‍ ബിരുദാന്തര ബിരുദം - വേതനം 56,100/ രൂപ പ്രതിമാസം.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (8) തിയതി രാവിലെ 11.00 മുതല്‍ 1 വരെ ബയോഡാറ്റയും കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം, സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് -ഇന്‍- ഇന്റര്‍വ്യൂവിന് ഹാജരാക്കേണ്ടതാണ്.
 
2. ഡ്രൈവര്‍ കം അറ്റന്റന്റ് - ഒഴിവ് - 1
(യോഗ്യത  ലൈറ്റ്  വെഹിക്കിള്‍ ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വ്വഹിക്കുന്നതിനാവശ്യമായ ശാരീരികക്ഷമത, മൃഗങ്ങളെ പരിപാലനം ചെയ്യുവാനുള്ള പരിചയം.  ആംബുലന്‍സ് വാഹനം ഓടിച്ച് പരിചയമുള്ളവര്‍ക്കും, മുളന്തുരുത്തി ബ്ലോക്കിലുള്ളവര്‍ക്കും മുന്‍ഗണന)  പ്രതിമാസ വേതനം 18,000/ രൂപ
 ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കന്നതിനുള്ള വാക്കിംഗ് ഇന്റര്‍വ്യു   ഇന്ന് (8) തിയതി ഉച്ചയ്ക്ക് 2.30 ന് എറണാകുളം, സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് -ഇന്‍- ഇന്റര്‍വ്യൂ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യുവിന് ഹാജരാക്കേണ്ടതാണ്.
 
 രാത്രികാല വെറ്ററിനറി സേവനം പദ്ധതിയില്‍
 ഇന്റര്‍വ്യൂ ഇന്ന് (8)
 
  മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കി വരുന്ന 'അടിയന്തിര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയിലേയ്ക്ക് എറണാകുളം ജില്ലയില്‍ നിലവിലുള്ള ഒഴിവുകളിലേക്കും,  ഓക്ടോബര്‍, നവംബര്‍ മാസങ്ങളില്‍  ഒഴിവു പ്രതീക്ഷിക്കുന്ന  വടവുകോട്, പറവൂര്‍, ആലങ്ങാട്, അങ്കമാലി, കോതമംഗലം, മുളന്തുരുത്തി എന്നി  ബ്ലോക്കുകളിലേക്കും രാത്രി സമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍ ആയി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള  വെറ്ററിനറി ബിരുദധാരികളെ  89 ദിവസത്തേയ്ക്ക് നിയമിക്കുന്നതിനായുള്ള  വാക്ക്-ഇന്‍-ഇന്റര്‍വ്യു ഇന്ന് (8) നടത്തും. നിയമനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായും, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവല്പമെന്റ് മുഖേനയുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലയളവിലേയ്‌ക്കോ പരമാവധി 89 ദിവസത്തേയ്ക്ക് മാത്രം ആയിരിക്കും. എറണാകുളം ജില്ലക്കാര്‍ക്ക്  മുന്‍ഗണന.

1. വെറ്ററിനറി ഡോക്ടര്‍- 6
(യോഗ്യത 1.  ബി വി എസ്‌സി ആന്റ് എഎച്ച് ബിരുദം 2. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍. ക്ലിനിക്കല്‍ ഒബ്‌സ്‌ട്രെറ്റിക്‌സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിക്കല്‍ സര്‍ജറി  എന്നിവയില്‍ ബിരുദാന്തര ബിരുദക്കാര്‍ക്കും എറണാകുളം ജില്ലക്കാര്‍ക്കും മുന്‍ഗണന. വേതനം 44,220/രൂപ പ്രതിമാസം.
 വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ താല്‍പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കററ്, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

 
ടെന്‍ഡര്‍ ക്ഷണിച്ചു 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ആലങ്ങാട് ഐസിഡിഎസ്. പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയില്‍ മുപ്പത്തടം മില്ലുപടിയില്‍ പ്രവര്‍ത്തിക്കുന്ന ആലങ്ങാട് ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. (ഫോണ്‍. 75610 44260) ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 22 ഉച്ചയ്ക്ക് രണ്ടു വരെ.  

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഓക്ടോബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം  മോണ്ടിസോറി പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഫോണ്‍ 7994449314.

കേരള മീഡിയ അക്കാദമിയില്‍  ഡയറക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 22 വൈകിട്ട് അഞ്ചു വരെ. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം. അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, പ്രശസ്ത അച്ചടി, ഇലക്ട്രോണിക് മാധ്യമത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിലഷണീയ യോഗ്യത: ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, മാധ്യമ സംബന്ധിയായ അക്കാദമിക് കൃതികളുടേയോ പ്രബന്ധങ്ങളുടേയോ രചന, ജേണലിസം അധ്യാപന രംഗത്തെ പരിചയം. പ്രതിമാസ വേതനം 50,000 രൂപ. കുറഞ്ഞ പ്രായ പരിധി 40 വയസ്. അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030.

ജില്ലാ ആസൂത്രണ സമിതി യോഗം  11-ന്

ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 11-ന്  3:30 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് 8 വരെ 

മുന്‍ഗണനാ വിഭാഗത്തിലുള്ള എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കുള്ള മസ്റ്ററിംഗിനുള്ള സമയപരിധി ഒക്ടോബര്‍ എട്ടിന് അവസാനിക്കും. അംഗങ്ങള്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി സമീപമുള്ള റേഷന്‍കടയിലെത്തണം. കിടപ്പ് രോഗികള്‍, ശാരീരിക- മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവരെ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യാനായി അടുത്തുള്ള റേഷന്‍ കടയുമായി ബന്ധപ്പെടണം.. റേഷന്‍ കട മുഖാന്തിരം മസ്റ്ററിംഗ് നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ സിറ്റി റേഷനിംഗ് ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0484-2390809.

 ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 10-ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍  സിറ്റിംഗ് ഒക്ടോബര്‍ 10-ന് രാവിലെ 11.-ന് എറണാകുളം  കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തുന്നു. സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.

കാര്‍പ്പെന്റര്‍ തസ്തികയില്‍ ഒഴിവ്

സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കാര്‍പ്പെന്റര്‍ തസ്തികയില്‍ ലത്തീന്‍ കത്തോലിക്കര്‍/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള രണ്ടു താത്കാലിക ഒഴിവുകളുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 16-ന് നകം യോഗ്യത/പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ച്ചിഫഇക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. യോഗ്യത: എസ്എസ്എല്‍സി, കാര്‍പ്പെന്റര്‍ ട്രേഡിലുളള ഐടിഐ സര്‍ട്ടിഫിക്കറ്റ്. കാര്‍പ്പെന്ററിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം പ്രതിമാസം 18000 രൂപ. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സമുദായക്കാരെയും, ഓപ്പണ്‍ വിഭാഗത്തിലുളളവരെയും പരിഗണിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

എറണാകുളം അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലേക്കു വാഹനം (ഇക്കോ, എര്‍ട്ടിഗ, ബൊലേറോ) വാടകയ്ക്ക് എടുക്കുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് സീറ്റോടുകൂടിയ വാഹനത്തിന് ടാക്‌സി പെര്‍മിറ്റ്  ഉണ്ടായിരിക്കണം, അഞ്ചുവര്‍ഷത്തിലേറെ പഴക്കം ഉണ്ടാകാന്‍ പാടില്ല. താത്പര്യമുളളവര്‍ ഒക്ടോബര്‍ 19-ന് വൈകിട്ട് മൂന്നിന് മുമ്പ് ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2395050, 2395052.

date