'ആനപ്പേടി'യുമായി അനന്യയും കൂട്ടരും
വന്യ ജീവി ആക്രമണം സ്ഥിരമായി നേരിടേണ്ടി വരുന്ന കണ്ണൂര്‍ ആറളം ഫാം നിവാസികളായ തദ്ദേശവാസികളുടെ ആനപ്പേടി ആധാരമാക്കി നിര്‍മ്മിച്ച ആനജീവിതം കനസ് ജാഗ- തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയിലെ ആസ്വാദകര്‍ക്ക് സമ്മാനിച്ചത് വേറിട്ട അനുഭവം. അനന്യ ബാബു സംവിധാനവും അക്ഷര മനോജ് തിരക്കഥയും എഴുതിയ സിനിമ ആറളം നിവാസികളുടെ പ്രതിസന്ധികളുടെ നേര് ചിത്രീകരണമായി. പുറം ലോകമറിയാതെ പോയ ആറളം നിവാസികളുടെ ദുരിതത്തെ ഒരു കുട്ടിയുടെ കണ്ണിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് സിനിമയില്‍.
വന്യ ജീവികളുടെ കടന്നാക്രമണം മൂലം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പതിനാല് പേരുടെ ജീവനുകള്‍ ആണ് ആറളം ഫാമില്‍ നിന്നും പൊലിഞ്ഞത്. അതിലധികം പേര് ആക്രമണങ്ങള്‍ക്ക് വിധേയരായി. രാത്രികളില്‍ വിളക്കണയ്ക്കാതെ പലപ്പോഴും ആനപ്പേടിയില്‍ കഴിഞ്ഞു കൂടേണ്ടി വന്നിട്ടുണ്ടെന്ന് സിനിമയിലെ പ്രധാന കഥാപാത്രത്തേ അവതരിപ്പിച്ച സ്വാതി കൃഷ്ണ തന്റെ അനുഭവം പങ്കുവച്ചു.
തീക്ഷ്ണമായ അനുഭവത്തില്‍ നിന്നുമുരുത്തിരിഞ്ഞ കഥയുടെ സിനിമാചിത്രീകരണം പോലും ആനപ്പേടിയോടെയാണ് ഇവര്‍ നടത്തിയത്. ആറളം ഫാമില്‍ തന്നെയായിരുന്നു ചിത്രീകരണം. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ സിനിമ കഥാവതരണം കൊണ്ടും പ്രമേയത്തിന്റെ കാലിക പ്രസക്തികൊണ്ടും ശ്രദ്ധ നേടി.
- Log in to post comments