Skip to main content

പ്രളയബാധിതര്‍ക്ക് ധനസഹായം അടിയന്തിരമായി  വിതരണം ചെയ്യണം

വെള്ളപ്പൊക്ക ബാധിതര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ റേഷന്‍കടകളിലേക്ക് സാധനങ്ങള്‍ തൂക്കി നല്‍കണമെന്നും കോഴിക്കോട് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ചെറൂപ്പ മുതല്‍ കല്‍പ്പള്ളി വരെയും തെങ്ങിലക്കടവ് ഭാഗത്തും റോഡരികില്‍ ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍, പൊതുമരാമത്ത് അധികൃതര്‍ നടപടിയെടുക്കണം.  കൊടിയത്തൂരില്‍ നിന്നും മെഡിക്കല്‍കോളേജ് വഴി സിവില്‍ സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന രീതിയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണം. കോര്‍പറേഷനില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം. പാളയം ബസ് സ്റ്റാന്‍ഡില്‍ അറ്റകുറ്റ പണി നടത്തണമെന്നും പാളയം ബസ് സ്റ്റാന്‍ഡില്‍ ഇപ്പോഴും തുടരുന്ന മയക്കുമരുന്ന് കച്ചവടത്തിനെതിരെ പൊലിസ് നടപടി സ്വീകരിക്കണമെന്നും പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുറച്ചു ബസുകള്‍ പാളയം ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. 

വെള്ളിമാടുകുന്ന് ജെഡിറ്റി സ്‌കൂളിനും നിര്‍മ്മല ആശുപത്രി പരിസരത്തും ഗതാഗത തിരക്ക് രൂക്ഷമാണ്, ഇതിന് പരിഹാരമായി കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സ്‌റ്റോപ്പ് കോര്‍പറേഷന്‍ ബാങ്കിന് മുന്‍വശത്തേക്കും വയനാട് ഭാഗത്തേക്കുള്ളത് താഴെ ഭാഗത്തേക്കും മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് വൈദ്യുത ശ്മശാനം പ്രവര്‍ത്തനയോഗ്യമാക്കാന്‍ കോര്‍പറേഷന്‍ നടപടിയെടുക്കണമെന്നും മുക്കം മിനി സിവില്‍ സ്റ്റേഷനില്‍ ചുറ്റുമതില്‍ കെട്ടുന്നതിന് പി.ഡബ്ല്യൂഡി അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. മുക്കം-കാരശ്ശേരി ഭാഗത്ത് ടിപ്പര്‍ ലോറികളുടെ മത്സരയോട്ടം നിയന്ത്രിക്കുക, ഡ്രൈയിനേജുകള്‍ സ്ലാബിട്ട് മൂടുക, പാളയം പച്ചക്കറി മാര്‍ക്കറ്റ്, മീന്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ അനധികൃത കച്ചവടം തടയുക, പച്ചക്കറി മാര്‍ക്കറ്റ് വേങ്ങേരിയിലേക്കും ഫിഷ് മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്കും മാറ്റുക, തട്ടകടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്തുക തുടങ്ങി ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ നിരക്ക് ഏകീകരിക്കണമെന്നും ഒരേ രീതിയിലുളള ചികിത്സക്ക് എല്ലാ ആശുപത്രികളിലും ഒരേ നിരക്ക് ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ടി മുഹമ്മദലി, സി അമര്‍നാഥ്, പി മുഹമ്മദ്, എന്‍.വി ബാബുരാജ്, നാരായണന്‍ ഇയ്യങ്കുന്നത്ത്, സഖീഷ് ബാബു, വീരാന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. 

date