അണ്ടത്തോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലെ ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
അണ്ടത്തോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തില്‍ ഇന്ന് (നവംബര്‍ 1) മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പുതിയ കെട്ടിടത്തിലെ ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (നവംബര്‍ 1) രാവിലെ 10 ന് എന്‍.കെ അക്ബര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. കിഫ്ബി പദ്ധതിയില്‍ നിന്നും 1.87 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 27 ന് രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിച്ചിരുന്നു.
ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ എം.എല്‍.എയുടെ 2024-25 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 5,25,000 രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും ക്യാബിന് വര്‍ക്കുകളും പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയത്. രണ്ടു നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ഓഫീസും മുകളിലെ നിലയില്‍ റെക്കോര്‍ഡ് റൂമുമാണ് പ്രവര്‍ത്തിക്കുന്നത്. അണ്ടത്തോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ചാവക്കാട് താലൂക്കിലെ പുന്നയൂര്‍ക്കുളം, പുന്നയൂര്‍, എടക്കഴിയൂര്‍, കടിക്കാട്, വൈലത്തൂര്‍, വടക്കേക്കാട് എന്നീ 6 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്.
- Log in to post comments