നെഹ്‌റുട്രോഫി വള്ളംകളി; പന്തലിന് ക്വട്ടേഷൻ വിളിച്ചു
ആലപ്പുഴ: 66-ാമത് നെഹ്‌റുട്രോഫി മത്സര വളളംകളിയോടനുബന്ധിച്ചുളള പന്തൽ, പവലിയൻ, ഗ്യാലറി, വുഡൻജെട്ടി, പ്ലാറ്റ്‌ഫോം, ടവർ മുതലായവയുടെ നിർമ്മാണവും മറ്റനുബന്ധപ്രവൃത്തികളും ഉൾപ്പെടെ മൂന്ന് പ്രവൃത്തികളുടെ ക്വട്ടേഷൻ ഷെഡ്യൂളുകൾ ഒക്‌ടോബർ 16ന് ഉച്ചയ്ക്ക് 12.30 വരെ ഇറിഗേഷൻ വകുപ്പ് ഓഫീസിൽ നിന്നും വിതരണം ചെയ്യും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 വരെ പൂരിപ്പിച്ച ക്വട്ടേഷനുകൾ സ്വീകരിക്കുകയും വൈകിട്ട് നാലിന് ക്വട്ടേഷനുകൾ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ സാന്നിദ്ധ്യത്തിൽ തുറക്കും. പ്രവൃത്തിപരിചയം തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ക്വട്ടേഷനോടൊപ്പം നൽകണം. ഇലക്ട്രിക്കൽ വർക്കിന് ലൈസൻസും പ്രവൃത്തികൾ ചെയ്തു തീർത്ത സാക്ഷ്യ പത്രവും പരിഗണിച്ച് മാത്രമേ ക്വട്ടേഷൻ ഉറപ്പിക്കുകയുളളു. ക്വട്ടേഷനുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, (എൻ.ടി.ബി.ആർ-2018 ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ) ഇറിഗേഷൻ ഡിവിഷൻ ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.
ചേന്ദമംഗലത്തിന്റെ ചേക്കുട്ടി പാവകളെ ഏറ്റെടുത്ത് നീർക്കുന്നം ഗവ യു.പി സ്‌കൂൾ
ആലപ്പുഴ: പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറി പുനസ്ഥാപിക്കാനുള്ള ചേക്കുട്ടി പാവകളുടെ നിർമാണം ആലപ്പുഴയിലും.ആലപ്പുഴ നീർക്കുന്നം എസ്.ഡി.വി ഗവ യു.പി എസ്സിലെ നൂറോളം വരുന്ന വിദ്യാർഥികളാണ് ചേക്കുട്ടിപാവകളുടെ നിർമാണം ഏറ്റെടുത്തത്. വിദ്യാർഥികൾക്കുള്ള പരിശീലനവും സ്‌കൂളിൽ നടന്നു.
ചേറിനെ അതിജീവിച്ച കുട്ടി എന്നർഥമുള്ള ചേക്കുട്ടിപ്പാവകളുടെ നിർമാണത്തിലൂടേയും വിൽപ്പനയിലൂടെയും ലഭിക്കുന്ന മുഴുവൻ തുകയും പ്രളയത്തിൽ നശിച്ചുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനസ്ഥാപനത്തിനാണ് ഉപയോഗിക്കുന്നത്. നെയ്ത്തുഗ്രാമത്തിന് കൈത്താങ്ങാകാനാണ് ഈ ദൗത്യത്തിൽ നീർക്കുന്നം ഗവ.സ്‌കൂളും പങ്കാളിയായത്. ഓണക്കാലത്ത് വിൽപ്പനയ്്ക്ക് തയ്യാറാക്കിവച്ചിരുന്ന ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങളും തുണികളും ഇഴകളും പ്രളയ സമയത്ത് വെള്ളവും ചേറും കയറി നശിച്ചുപോയിരുന്നു. ഈ തുണികൾ ഉണക്കി വൃത്തിയാക്കിയാണ് ചേക്കുട്ടി പാവകൾ നിർമിക്കുന്നത്. ഒരു കൈത്തറി സാരിയിൽ നിന്ന് 350ഓളം ചേക്കുട്ടി പാവകൾ നിർമിക്കാനാകും. 25 രൂപാ നിരക്കിലാണ് ചേക്കുട്ടി പാവകൾ വിൽക്കുന്നത്. ഒരു മുണ്ടിൽ നിന്ന് 200ഓളം ചേക്കുട്ടി പാവകൾ നിർമിക്കാനാകുമെന്നതും നേട്ടമാണെന്ന് ആർ.പി.എഫ് അസി.കമ്മീഷണർ മുഹമ്മദ് ഹനീഫ് പറഞ്ഞു. നീർക്കുന്നം സ്‌കൂളിൽ നിന്ന് 700ഓളം പാവകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതും വിൽപ്പനയ്ക്കായി നൽകും. ചേക്കുട്ടി പാവനിർമാണത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് പരിശീലനം കാണാനെത്തിയ ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ മധുകുമാർ എസ്., എസ്.എം.സി ചെയർമാൻ ഐ.ഷെഫീഖ്, മാതൃസംഗമം പ്രസിഡൻ്റ് എസ്.സുമ തുടങ്ങിയവർ പങ്കെടുത്തു.
പലിശ രഹിത വായ്പ വിതരണ ഉദ്ഘാടനം
ഇന്ന് മന്ത്രി നിർവഹിക്കും
ആലപ്പുഴ : അമ്പലപ്പുഴ തെക്ക്-വടക്ക് കുടുംബശ്രീ യൂണിറ്റുകൾ വഴി കാക്കാഴം നീർക്കുന്നം സർവീസ് സഹകരണ ബാങ്ക് നൽകുന്ന പലിശരഹിത വായ്പയുടെ വിതരണ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ11) വൈകുന്നേരം 4 മണിക്ക് നീർക്കുന്നം എൻ.എസ്.എസ്.ഹാളിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.പ്രളയത്തിൽ സർവ്വവും നഷ്ടമായവർക്ക് ജീവിതവും ജീവനോപാധികളും തിരികെ നൽകുന്നതിന്റെ ഭാഗമായി കേരളസർക്കാർ ആവിഷ്‌കരിച്ച പദ്ധതികളുടെ ഭാഗമായാണ് കുടുംബശ്രീകൾ വഴി പലിശരഹിത വായ്പ നൽകുന്നത്.
ചടങ്ങിൽ നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഓമനക്കുട്ടൻ അധ്യക്ഷത വഹിക്കും. നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബി.ശ്രീകുമാർ ,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ,ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ ജി.ശ്രീകുമാർ, അമ്പലപ്പുഴ വടക്ക് സി.ഡി. എസ്.ചെയർപേഴ്‌സൺ റീന സന്തോഷ്, അമ്പലപ്പുഴ തെക്ക് സി.ഡി. എസ്. ചെയർപേഴ്‌സൺ രാധ ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേരും.
- Log in to post comments