എം.പി. ലാഡ്സ് പ്രവൃത്തികളുടെ നിർവ്വഹണം അവലോകനം ചെയ്തു
അഡ്വ. ജെബി മേത്തർ എം.പിയുടെ (രാജ്യസഭ) പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർദേശിച്ച പ്രവൃത്തികളുടെ അവലോകന യോഗം എം പിയുടെ സാന്നിധ്യത്തിൽ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
വിവിധ ജില്ലകളിലായി എം.പി 1460.63 ലക്ഷം രൂപയുടെ 109 പദ്ധതികൾ നിർദേശിച്ചിട്ടുണ്ട്. അവയിൽ 791.73 ലക്ഷം രൂപയുടെ 57 പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.
ജില്ലയിൽ നിലവിൽ ഭരണാനുമതി നൽകിയ പ്രവൃത്തികൾ പൂർത്തീകരിച്ച് ബില്ലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും, പ്രാദേശിക ആവശ്യങ്ങൾ മുൻ നിർത്തി കൂടുതൽ പദ്ധതികൾ ജില്ലയ്ക്ക് അനുവദിക്കുമെന്നും എം.പി അറിയിച്ചു. എറണാകുളം ജില്ലയിൽ ആലുവ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നിർദ്ദശിച്ച ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് നിർമ്മാണം, മാഞ്ഞാലി ഹെൽത്ത് സബ് സെന്റർ നിർമ്മാണം എന്നീ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണമെന്ന് എം.പി നിർദ്ദേശിച്ചു.
കോട്ടയം, പത്തനംതിട്ട, പാലക്കാട്, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലെ പ്രവൃത്തികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് എം.പി നിർദ്ദേശിച്ചു. ഇടുക്കി ജില്ലയിൽ പട്ടികജാതി വിഭാഗത്തിലുൾപ്പെടുത്തി നിർദ്ദേശിച്ച കോമാളിക്കുടിയിലെ ഫുട്ബ്രിഡ്ജ് നിർമ്മാണം(അടിമാലി ബ്ലോക്ക്), മണ്ണാക്കുടി നഗറിലെ സ്ത്രീ ശാക്തീകരണ ഹാൾ നിർമ്മാണം (അഴുത ബ്ലോക്ക്) എന്നീ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥ തലത്തിലും, ജില്ലാ തലത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് എം.പി നിർദ്ദേശിച്ചു.
ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി. എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി വി നിത്യ, ആലപ്പുഴ ഫിനാൻസ് ഓഫീസർ എ അജയാനന്ദ്, മലപ്പുറം, വയനാട്, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോഡ്, പാലക്കാട്, ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസിലെ പ്രതിനിധികൾ, ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടും, ഓൺലൈൻ ആയും പങ്കെടുത്തു.
- Log in to post comments