അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം
അമ്പലപ്പുഴ താലൂക്ക് വികസന സമിതിയുടെ ഡിസംബര്‍ മാസത്തിലെ യോഗം അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. മുല്ലയ്ക്കല്‍ ചിറപ്പ്,ബീച്ച് ഫെസ്റ്റ്,പുതുവത്സരാഘോഷം എന്നിവയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലും ബീച്ചിലും ജനത്തിരക്കേറാന്‍ സാധ്യതയുണ്ടെന്നും അതിന്റെ മുന്നോടിയായി കിടങ്ങാം പറമ്പ് റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നതിന് പി.ഡബ്‌ള്യു.ഡി റോഡ്‌സിനും ബീച്ചില്‍ രാത്രികാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള വിളക്കുകള്‍ ഈ മാസം 10 ന് മുമ്പായി സ്ഥാപിക്കുവാന്‍ ആലപ്പുഴ നഗരസഭയ്ക്കും നിര്‍ദ്ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. ഗ്യാസ് കണക്ഷന്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത് വാഹനാപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഈ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് എന്‍.എച്ച് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. നഗരത്തില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതിനാല്‍ റെസിഡന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു.
അമ്പലപ്പുഴ തഹസില്‍ദാര്‍ എസ്.അന്‍വറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ആര്‍ സനല്‍കുമാര്‍,ജയപ്രസാദ്.വി, ജോസി ആന്റണി, എം ഇ നിസാര്‍ അഹമ്മദ്, ജി സഞ്ജീവ് ഭട്ട്, എസ് എ അബ്ദുള്‍സലാം ലബ്ബ,പി.ജെ.കുര്യന്‍,അഡ്വ.നാസര്‍.എം.പൈങ്ങാമഠം, ഷാജി വാണിയപ്പുരയ്ക്കല്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
കളര്‍കോട് വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടതില്‍ യോഗം അനുശോചിച്ചു.
- Log in to post comments