ജൈവവൈവിധ്യ ബോർഡിന്റെ ഏകദിന സെമിനാർ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ആസൂത്രണ കർമ്മ പദ്ധതി തയ്യാറാക്കൽ എന്ന വിഷയത്തിൽ നടക്കുന്ന ഏകദിന സെമിനാറും പരിശീലന പരിപാടിയും ഡിസംബർ 11 ന് രാവിലെ 10 മുതൽ മസ്‌കറ്റ് ഹോട്ടലിൽ നടക്കും. തദ്ദേശസ്വയംഭരണ എക്‌സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന്, ജൈവവൈവിധ്യ മാനേജ്‌മെൻറ് കമ്മിറ്റികൾ തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (രണ്ടാം ഭാഗം) മന്ത്രി പ്രകാശനം ചെയ്യും.
കേരളത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ, ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റികളുടെ കൺവീനർമാർ, ജില്ലാ സാങ്കേതിക സഹായക സംഘം അംഗങ്ങൾ, വെർച്വൽ ബയോഡൈവേഴ്‌സിറ്റി കേഡർ അംഗങ്ങൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ആസൂത്രണ കർമ്മ പദ്ധതി തയ്യാറാക്കൽ: പ്രാധാന്യവും ഭാവി പ്രവർത്തനങ്ങളും എന്ന വിഷയം ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അവതരിപ്പിക്കും.
തുടർന്ന് നടക്കുന്ന സെഷനുകളിൽ കുൻമിംഗ് മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക് ലക്ഷ്യങ്ങളെക്കുറിച്ച് ബയോഡൈവേഴ്‌സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണനും പ്രാദേശിക ജൈവവൈവിധ്യ ആസൂത്രണ കർമ്മ പദ്ധതി തയ്യാറാക്കലിന്റെ രീതിശാസ്ത്രത്തേയും വിവരശേഖരണത്തേയും സംബന്ധിച്ച് റിസർച്ച് ഓഫീസർ മിത്രാംബിക എൻ.ബിയും ജൈവവൈവിധ്യ ഭേദഗതി നിയമം-2023നെ കുറിച്ച് പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി.എസ്. വിമൽകുമാറും ക്ലാസുകൾ നയിക്കും.
പി.എൻ.എക്സ്. 5565/2024
- Log in to post comments