താലൂക്ക് അദാലത്തുകള്‍ക്ക് വേദികളായി; 13 വരെ പരാതികള്‍ സ്വീകരിക്കും മന്ത്രിമാരായ മുഹമ്മദ് റിയാസും വി. അബ്ദുറഹിമാനും നേതൃത്വം നല്‍കും
മലപ്പുറം ജില്ലയില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ താലൂക്ക് തലങ്ങളില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' - പരാതി പരിഹാര അദാലത്തുകളുടെ വേദികള്‍ നിശ്ചയിച്ചു. ഏറനാട് താലൂക്ക് അദാലത്ത് ഡിസംബര്‍ 19 ന് മഞ്ചേരി നഗരസഭാ ടൗണ്‍ഹാളിലും നിലമ്പൂര്‍ താലൂക്ക് അദാലത്ത് 20 ന് കാട്ടുമുണ്ട തോട്ടത്തില്‍ കണ്‍വന്‍ഷന്‍ സെന്ററിലും പെരിന്തല്‍മണ്ണയില്‍ 21 ന് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിലും നടക്കും. തിരൂരില്‍ 23 നു നഗരസഭാ ടൗണ്‍ഹാളിലും പൊന്നാനിയില്‍ 24 നു എം.ഇ.എസ് കോളെജ് ഓഡിറ്റോറിയത്തിലും തിരൂരങ്ങാടിയില്‍ 26 നു കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലും കൊണ്ടോട്ടിയില്‍ 27 നു കരിപ്പൂര്‍ ഹജ്ജ് ഹൗസിലുമാണ് അദാലത്തുകള്‍ നടക്കുക.
അദാലത്തുകളില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും karuthal.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 13 വരെ നല്‍കാന്‍ അവസരമുണ്ടാകും. അദാലത്തില്‍ പരിഗണിക്കുന്നതും പരിഗണിക്കാത്തതുമായ വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
- Log in to post comments