കനാൽ അരിക് ഇടിഞ്ഞ് അപകടാവസ്ഥയിലായ വീടിന് സംരക്ഷണഭിത്തി ഒരുക്കാൻ 9.6 ലക്ഷം രൂപ
2018ലെ മഹാപ്രളയത്തിൽ കനാലിനോടു ചേർന്ന ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായ വീടിന് സുരക്ഷിതത്വം ഒരുക്കാൻ 9.6 ലക്ഷം രൂപ അനുവദിച്ച് വൈക്കത്ത് നടന്ന കരുതലും കൈത്താങ്ങും താലൂക്ക് അദാലത്ത്. മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഇടവട്ടം കറുകക്കറയിൽ വീട്ടിൽ കോര പൗലോസ് സമർപ്പിച്ച അപേക്ഷയിലാണ് മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത അദാലത്ത് വീടിന്റെ സുരക്ഷ ഉറപ്പാക്കാൻ തുക അനുവദിക്കാൻ നിർദ്ദേശിച്ചത്.
വർഷങ്ങളായി മൂവാറ്റുപുഴയാറിൽ നിന്നുള്ള ശക്തമായ കുത്തൊഴുക്കിൽപെട്ട് വീടിനോട് ചേർന്നുള്ള കനാൽ ഭാഗം തുടർച്ചയായി ഇടിയുകയായിരുന്നുവെന്നും 2018ലെ മഹാപ്രളയത്തിൽ കുടുംബവീടിന്റെ അടുക്കള ഭാഗത്തോട് ചേർന്നുള്ള കനാൽ അരികും കിണറും ഇടിഞ്ഞു താഴ്ന്നുമെന്നും ഈ വർഷം ജൂലൈയിൽ ഉണ്ടായ ശക്തമായ മഴയിൽ കനാൽ ഇടിഞ്ഞ് വീട് വീണ്ടും അപകടാവസ്ഥയിൽ ആയി എന്നും പരാതിയിൽ പറയുന്നു.
ശക്തമായ കാലവർഷത്തിൽ പഴക്കം ചെന്ന വീടിന് ഉണ്ടായേക്കാവുന്ന അപകട സാധ്യതകൾ പരിഗണിച്ചാണ് സംരക്ഷണഭിത്തി നിർമ്മിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകിയത്.
- Log in to post comments