ജില്ലാതല ബഡ്സ് കലോത്സവം-മിന്നാരം 24 തുടങ്ങി
കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്സ് കലോത്സവം മിന്നാരം-2024 പുന്നപ്ര ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും പരിപാലനവും ലക്ഷ്യമാക്കി കുടുംബശ്രീ ഏറ്റെടുത്തു നടത്തുന്ന ബഡ്സ്/ബിആര്‍സി സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് മാനസികമായ ഉന്മേഷങ്ങള്‍ സമ്മാനിക്കുന്നതിനുമാണ് ബഡ്സ് ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ ആകെ 23 ബഡ്സ് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്.
ഉദ്ഘാടന ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് അധ്യക്ഷത വഹിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് ജി.ശശികല, പുന്നപ്ര വടക്ക് സിഡിഎസ് ചെയര്പെഴ്സന് ഇന്ദുലേഖ അജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് എസ് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ മോള്‍ജി ഖാലിദ് നന്ദിയും പറഞ്ഞു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, 9 ബഡ്സ് സ്കൂളുകളിലെയും 14 ബി ആര് സി കളിലെയും കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരങ്ങള്‍ വ്യാഴഴ്ചയും തുടരും. വ്യാഴാഴ്ച്ച വൈകിട്ട് മൂന്നിന് ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. ഫോക്ലോര് അക്കാദമി ചെയര്മാന് ഒ.എസ്.ഉണ്ണികൃഷ്ണന് മുഖ്യാതിഥിയായി പങ്കെടുക്കും. സിനിമാ താരം അനൂപ് ചന്ദ്രന് സമ്മാനദാനം നിര്‍വ്വഹിക്കും.
- Log in to post comments