Skip to main content

ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുക്കണം

 

ദേശീയ തലത്തിൽ എല്ലാ വർഷവും ഡിസംബർ 14 ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. ഡിസംബർ 14 അവധിയായതിനാൽ എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളും, അവരവരുടെ ഓഫീസുകളിലും അതാത് വകുപ്പുകളുടെ ഭരണ നിയന്ത്രണത്തിലുളള ഓഫീസുകളിലും  ഡിസംബർ 13-ന് രാവിലെ 11.00 മണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്നേ ദിവസത്തെ അസംബ്ലി സെഷനിലും ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുക്കണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

പ്രതിജ്ഞയുടെ പൂർണരൂപം ചുവടെ:

ഊർജ്ജ വിഭവങ്ങളുടെ അമിത ചൂഷണവും അമിതോപഭോഗവും വരുത്തിവെയ്ക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും എന്റെ നാടിന്റെയും മുഴുവൻ ലോകത്തിന്റെയും നാശത്തിന് വഴിവെക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ജീവസംരക്ഷണം ഊർജ്ജസംരക്ഷണത്തിലൂടെയേ സാധ്യമാവൂ എന്നതിനാൽ ഹരിതഗൃഹ വാതകങ്ങളുടെ നിർഗമനം കൂട്ടുന്ന ഏതു നടപടിയും നിരുത്സാഹപ്പെടുത്തുവാൻ വേണ്ട പ്രചാരണ പ്രബോധന പരിപാടികളിൽ ഞാൻ ഇന്നുമുതൽ സജീവ സാന്നിദ്ധ്യമായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

വരും തലമുറകൾക്കുകൂടി ഉപയോഗിക്കാനാവുംവിധം പരിസ്ഥിതി സൗഹൃദ ഊർജ്ജസ്രോതസ്സുകൾ വികസിപ്പിക്കുവാനും വ്യാപകമായുപയോഗപ്പെടുത്തുവാനും, എവിടെയും എപ്പോഴും ഊർജ്ജക്ഷമത ഉയർത്തിപ്പിടിക്കുവാനും വേണ്ടി ആളുകളെ പ്രേരിപ്പിക്കുന്നത് പൗരധർമ്മമായും സ്വന്തം കടമയായും കണക്കാക്കി, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ ഇനി ആഴത്തിൽ മുഴുകി പ്രവർത്തിക്കുമെന്നും ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

date