മന്ത്രി ശ്രീനിവാസനരികെ; സെസ് ഭാരം അകന്നു. - കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി സെസ് ഒഴിവാക്കി നൽകി
''പാലാ ടൗൺ ഹാളിന്റെ മുകളിലെ നിലയിലേക്ക് കയറാൻ എന്റെ ആരോഗ്യം അനുവദിക്കുമായിരുന്നില്ല. മന്ത്രിയെ നേരിട്ടു കാണണമെന്ന എന്റെ ആവശ്യം പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമാണ് മന്ത്രി വി.എൻ. വാസവനെ അറിയിച്ചത്. മന്ത്രി പടികളിറങ്ങി എന്റെ അരികിലെത്തി. എന്റെ പരാതി കേട്ട് സെസ് ഒഴിവാക്കി നൽകി സഹായിച്ചു''-തീക്കോയി ഐക്കരമലയിൽ ഐ.എൻ. ശ്രീനിവാസൻ പറയുമ്പോൾ സന്തോഷത്താൽ കണ്ണുനിറഞ്ഞിരുന്നു.
പക്ഷാഘാതവും ഹൃദ്രോഗവും അലട്ടി, സാമ്പത്തികപരാധീനതകളാൽ വലയുന്ന ശ്രീനിവാസന് വീടിനുള്ള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി സെസായി 12,000 രൂപ അടയ്ക്കാൻ നോട്ടീസ് ലഭിച്ചത് ഇരുട്ടടിയായി. ഇതിൽ ഇളവ് തേടിയാണ് കരുതലും കൈത്താങ്ങും അദാലത്തിനെ സമീപിച്ചത്.
ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് രണ്ട് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതും പിന്നാലെ പക്ഷാഘാതം വന്നതും തുടർന്നുണ്ടായ സാമ്പത്തിക പരാധീനതകളും അരികിലെത്തിയ മന്ത്രിയെ ധരിപ്പിച്ചു. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ശ്രീനിവാസന്റെ വീടിന്റെ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി സെസ് നിർണയിച്ചതിലെ അപാകത പരിശോധിച്ചശേഷം 12,000 രൂപ പൂർണമായും ഒഴിവാക്കിക്കൊടുക്കാൻ മന്ത്രി ജില്ലാ ലേബർ ഓഫീസർക്ക് (എൻഫോഴ്‌സ്‌മെന്റ്) നിർദേശം നൽകി.
- Log in to post comments