Skip to main content

പനവൂര്‍ പഞ്ചായത്ത് വയോസൗഹൃദ ഗ്രാമമാകുന്നു

 

* വയോജന സംരക്ഷണ പദ്ധതിയില്‍ രണ്ടായിരത്തിലേറെപ്പേര്‍ അംഗങ്ങളായി

പനവൂര്‍ പഞ്ചായത്ത് വയോസൗഹൃദ ഗ്രാമമാകുന്നു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന വയോജന സംരക്ഷണ പരിപാടിയില്‍ ഇതിനോടകം 2145 പേര്‍ അംഗങ്ങളായി. അറുപത് വയസിനു മുകളില്‍ പ്രായമുള്ളവരുടെ ശാരീരിക, മാനസികോല്ലാസം, ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നു സുരക്ഷ, നിയമ പരിരക്ഷ എന്നിവ ഉറപ്പുവരുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന ക്ലബ്ബുകളും വയോജന സഭകളും രൂപീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വയോജന സഭകളില്‍ ആരോഗ്യ പരിശോധനയും രോഗനിര്‍ണയവും ചികിത്സയും നല്‍കുന്നുണ്ട്. വയോജന ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചാണു ശാരീരിക, മാനസികോല്ലാസ പരിപാടികള്‍. വയോജന സംഗമം, ഉല്ലാസയാത്ര, നേത്ര പരിശോധനാ ക്യാമ്പ്, കണ്ണട വിതരണം, കട്ടില്‍ വിതരണം, സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്, വയോജന സ്വാശ്രയ ഗ്രൂപ്പുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

വയോ സൗഹൃദ ഗ്രാമം പദ്ധതിക്കായി നടപ്പു സാമ്പത്തിക വര്‍ഷം 10.6 ലക്ഷം രൂപയാണു വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 4.1 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.വി. കിഷോര്‍ പറഞ്ഞു.
(പി.ആര്‍.പി. 2493/2018)

 

date