Skip to main content

ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ കടമെടുത്ത വയോധികന് ആശ്വാസമായി മന്ത്രിയുടെ ഇടപെടല്‍

ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് ആരംഭിക്കാന്‍ കടമെടുത്ത ശേഷം രോഗിയായത് കാരണം തുടങ്ങാനാവാതിരുന്ന വയോധികന് ആശ്വാസമായി മന്ത്രിയുടെ ഇടപെടല്‍. പുനലൂര്‍ കെ.കൃഷ്ണപിള്ള സാംസ്‌കാരിക ഹാളില്‍ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലാണ് പുനലൂര്‍ നഗരസഭയിലെ കല്ലാര്‍ വാര്‍ഡ് സ്വദേശിയായ 74കാരന്‍ മന്ത്രി കെ.എന്‍ ബാലഗോപാലിനെ സമീപിച്ചത്.
2018 നവംബറിലാണ് ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ അദ്ദേഹം ഷെഡ് നിര്‍മാണം പൂര്‍ത്തിയാക്കി നികുതി അടച്ചത്. കൊറോണ വന്നതോടെ ഒരു വര്‍ഷത്തോളം വിദേശത്ത് കുടുങ്ങുകയും ജോലി നഷ്ടമാകുകയും ചെയ്തു. ഹൃദ്രോഗത്തിന് ചികിത്സ തേടേണ്ടി വന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനോ കെട്ടിട നികുതി അടക്കാനോ കഴിയാതായി. താമസിച്ചിരുന്ന വീട് വിറ്റ് കടങ്ങള്‍ വീട്ടി ഒരു ഷെഡില്‍ താമസം തുടങ്ങി. ഇതിന് ശേഷം 96,002 രൂപ കുടിശ്ശികയുള്ളതായി നഗരസഭയില്‍നിന്ന് അറിയിപ്പ് ലഭിച്ചു.
രോഗിയായ തനിക്ക് രണ്ട് പെണ്‍മക്കളാണെന്നും ഭാര്യക്ക് രോഗം കാരണം വൈകല്യം സംഭവിച്ചതായും കടം വീട്ടാന്‍ നിവൃത്തിയില്ലെന്നും മന്ത്രിയെ അറിയിച്ചു. പരാതി പരിശോധിച്ച മന്ത്രി നിയമപരമായി പലിശയും പിഴപ്പലിശയും ഒഴിവാക്കി നല്‍കാനും ബാക്കി തുക 20 മാസ തവണയായി അടക്കാന്‍ സൗകര്യമൊരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

date