Skip to main content

പുനലൂര്‍ പേപ്പര്‍ മില്‍സ് ഭൂമിയുടെ ടാക്സ് അടയ്ക്കാന്‍ പരിഹാരം ആവശ്യപ്പെട്ട് കമ്പനി മാനേജ്മെന്റ്

പുനലൂര്‍ പേപ്പര്‍ മില്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 258.98 ഏക്കര്‍ ഭൂമിയില്‍ നിന്നും 172.13797ഏക്കര്‍ പതിച്ചു കൊടുത്തതിന് ശേഷമുള്ള ഭൂമിക്ക് ടാക്സ് അടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷയുമായി കമ്പനി മാനേജ്മെന്റ് അദാലത്തില്‍. ഭീമമായ തുക പുതിയ മാനേജ്മെന്റ് ബാങ്കില്‍ അടച്ചാണ് മുഴുവന്‍ ബാധ്യതകളും തീര്‍ത്ത് പ്രമാണങ്ങള്‍ കടബാധ്യതയില്‍ നിന്നും ഒഴിപ്പിച്ച് എടുത്തത്. എന്നാല്‍ പട്ടയം കൊടുത്തിട്ടുള്ള വസ്തുക്കളുടെയും പേപ്പര്‍ മില്‍, സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റേയും വിസ്തീര്‍ണം തണ്ടപ്പേരില്‍ നിന്നും കുറവ് വരുത്താതെയും, സര്‍വേ നമ്പരുകളിലും വിസ്തീര്‍ണത്തിലും മറ്റും താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവിലുള്ള പിശകുകളാണ് കരം അടയ്ക്കാന്‍ സാധിക്കാതെ വന്നിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആധികാരികമായ പദ്ധതി രേഖ തയ്യാറാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കഴിയുന്നില്ല. പുതിയ വ്യവസായ സംരംഭം തുടങ്ങുന്നതിന് വേണ്ടി അടിയന്തരമായി കമ്പനി വക വസ്തുക്കളുടെ ടാക്സ് അടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. പരാതി പരിഗണിച്ച മന്ത്രി കെ.എന്‍ ബാലഗോപാല്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ മുഖേന ഉത്തരവിലുള്ള പിശകുകള്‍ പരിശോധിച്ച് അടിയന്തര പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

date