Skip to main content

നിയമപരിജ്ഞാനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ‘മാറ്റൊലി’ ബോധവത്കരണ പരിപാടി

സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട സാമാന്യ നിയമങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ട് മാറ്റൊലി സാമൂഹിക-നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നിയമ വകുപ്പ് ഔദ്യോഗികഭാഷാ - പ്രസിദ്ധീകരണ സെല്ലിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. മികച്ച സാമൂഹിക ജീവിതത്തിന് സാമാന്യ നിയമ പരിജ്ഞാനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ നിയമത്തെ വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ട്. ഭരണഘടനയാണ് നമ്മള്‍ മുറുകെ പിടിക്കേണ്ട ഗ്രന്ഥം. അത് ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമ സെക്രട്ടറി കെ.ജി സനല്‍കുമാര്‍ അധ്യക്ഷനായി. നിയമ വകുപ്പ് ഔദ്യോഗികഭാഷ പ്രസിദ്ധീകരണ സെല്‍ അഡീഷണല്‍ സെക്രട്ടറി ഷിബു തോമസ്, ജോയന്റ് സെക്രട്ടറി ഇ.ഡബ്ള്യൂ ജാക്വിലിന്‍, അസി. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ആര്‍. രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ‘സ്ത്രീ ശാക്തീകരണത്തില്‍ ഇന്ത്യന്‍ ഭരണഘടനയും പ്രത്യേക നിയമങ്ങളും വഹിക്കുന്ന പങ്ക്' എന്ന വിഷയത്തില്‍ ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. കെ.കെ പ്രീതയും ‘പുതിയ പ്രധാന ക്രിമിനല്‍ നിയമങ്ങള്‍ ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം' എന്ന വിഷയത്തില്‍ ബാലാവകാശ സംരക്ഷണ കമീഷന്‍ മുന്‍ അംഗം അഡ്വ. ജെ. സന്ധ്യയും ക്ലാസെടുത്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥിനികള്‍ എന്നിവര്‍ പങ്കാളികളായി.

date