ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി രണ്ടാം ഘട്ടം ആരംഭിക്കുന്നു. കോട്ടയത്തിനെ വേമ്പനാട്ടു കായലിന്റെ റാണിയാക്കി മാറ്റണം -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ടൂറിസം വകുപ്പ് 2016ല്‍ ആരംഭിച്ച ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഉടന്‍ തുടക്കമാകും. സഞ്ചാരികളുടെയും കച്ചവടക്കാരുടെയും പ്രദേശവാസികളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയുള്ള ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയിലൂടെ കോട്ടയത്തെ വേമ്പനാട്ടു കായലിന്റെ റാണിയാക്കി മാറ്റണമെന്ന് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.
പദ്ധതിയില്‍ പ്രധാന ഡെസ്റ്റിനേഷനായി ഉള്‍പ്പെടുത്തിയിട്ടുള്ള കോടിമതയിലും കുമരകത്തും നടത്തി വരുന്ന വിനോദസഞ്ചാര വികസന പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കിയും നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയും കോട്ടയത്തിന്റെ മനോഹാരിത ലോക ശ്രദ്ധയില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളിലെ പാതയോരങ്ങള്‍ മനോഹരമായ ചെടികള്‍ നട്ട് ആകര്‍ഷണീയമാക്കണം ക്യാമറകള്‍ സ്ഥാപിച്ച് റോഡില്‍ മാലിന്യം തള്ളുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളിലെ ശുചിത്വ നിലവാരം മികച്ചതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ടൂറിസം വകുപ്പു റീജിയണല്‍ ജോ. ഡയറക്ടര്‍ കെ.പി. നന്ദ കുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗ്ഗീസ്, ഡിറ്റിപിസി സെക്രട്ടറി ഡോ. ബിന്ദു നായര്‍ എന്നിവര്‍ സംസാരിച്ചു. ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളില്‍ യോഗം ചേര്‍ന്ന് പദ്ധതിയക്കാവശ്യമായ ആശയ രൂപീകരണം നടത്തി ഒക്ടോബര്‍ 31 നകം പദ്ധതി ആരംഭിക്കും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
- Log in to post comments