ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം തിരുവുത്സവം: കളക്ടറുടെ നേതൃത്വത്തില്‍ മുന്നൊരുക്ക യോഗം ചേര്‍ന്നു
ജനുവരി 20 മുതല്‍ 29 വരെ കുന്നത്തൂര്‍ താലൂക്കിലെ ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന തിരുവുത്സവത്തിന് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെയും ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും യോഗം ചേര്‍ന്നു.
സമാപന ദിനമായ 29ന് അമ്പതിലധികം ആനകളെ അണിനിരത്തിയുള്ള ഗജമേളക്ക് ആവശ്യമായ സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. പ്രദേശത്തെ ഉത്സവ മേഖലയായി പ്രഖ്യാപിക്കുകയും ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ക്ക് പൊലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എലഫെന്റ് സ്‌ക്വാഡും ഡോക്ടര്‍മാരും ആനകളെ പരിശോധിക്കും. പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ക്ഷേത്ര കമ്മിറ്റി ഒരുക്കുന്ന 125 വളന്റിയര്‍മാര്‍ക്ക് പൊലീസ് നിര്‍ദേശങ്ങള്‍ നല്‍കും. പ്രദേശത്ത് താല്‍ക്കാലിക മെഡിക്കല്‍ സംവിധാനം ഒരുക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
ജില്ലയില്‍ ഉത്സവങ്ങളുടെ മേല്‍നോട്ടത്തിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മോണിറ്ററിങ് സമിതിയുണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി. ദേവസ്വം പ്രതിനിധികള്‍, ആന ഉടമകള്‍, പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷ സേന, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാകും സമിതി. യോഗത്തില്‍ എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, ക്ഷേത്രം ദേവസ്വം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments