അശ്വമേധം ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ ഇന്ന് ( ജനുവരി 30) തുടക്കം കുറിക്കും*
കുഷ്ഠരോഗം നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗം കണ്ടെത്തുന്നതിന് ദേശീയ കുഷ്ഠരോഗ ദിനമായ ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ആരോഗ്യ വകുപ്പ് അശ്വമേധം 6.0 എന്ന പേരിൽ ക്യാമ്പയിന് തുടക്കം കുറിക്കും. അശ്വമേധം 6.0 ഭവന സന്ദർശന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജനുവരി 30 രാവിലെ 9.30 ന് ചെട്ടികാട് ആർ എച്ച് റ്റി സി യിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വേരി നിർവഹിക്കും. ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനാകും.
ജില്ലയിൽ നിലവിൽ 16 പേരാണ് കുഷ്ഠ രോഗത്തിന് ചികിത്സയിലുള്ളത്. പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൻ പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും, പുരുഷ വോളണ്ടിയറും അടങ്ങുന്ന ടീം വീടുകളിലെത്തി പ്രാഥമിക ത്വക്ക് പരിശോധന നടത്തും.1957 ടീമുകളെ ഇതിനായി ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ 611144 വീടുകളിൽ രണ്ടാഴ്ച്ചകൊണ്ട് ഭവന സന്ദർശനം പൂർത്തിയാക്കുന്നതാണ്. രോഗ ലക്ഷണങ്ങൾ സംശയിക്കുന്നവർക്ക് ആവശ്യമായ തുടർ പരിശോധനയും ചികിത്സയും ആരോഗ്യ കേന്ദ്രങ്ങളിൽ നിന് ലഭ്യമാക്കുന്നതാണ് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠരോഗം.തൊലിപ്പുറത്ത് നിറം മങ്ങിയതോ ചുവന്ന നിറത്തിലുള്ളതോ ആയ പാടുകളിൽ സ്പർശനം, ചൂട്, തണുപ്പ്. വേദന എന്നിവ അറിയാതിരിക്കുക, വേദനയില്ലാത്ത വൃണം, കൈകാലുകളിലെ പെരുപ്പ് ,മരവിപ്പ് എന്നിവ കുഷ്ഠരോഗത്തിൻ്റെ ലക്ഷണമാവാം.
എല്ലാ പാടുകളും കുഷ്ഠരോഗം മൂലമകണമെന്നില്ല എന്നാൽ ചില പാടുകൾ, തടിപ്പുകൾ എന്നിവ കുഷ്ഠ രോഗം മൂലമാവാം. അതിനാൽ ശരീരത്തിൽ പാടുകളോ, തടിപ്പുകളോ ഉണ്ടോയെന്ന് സ്വന്തമായും , ശരീരത്തിന്റെ പുറം ഭാഗങ്ങളിലുള്ള പാടുകൾ ശ്രദ്ധിക്കപ്പെടാതെപോകാമെന്നതിനാൽ കുടുംബാംഗങ്ങളുടെ സഹായത്തോടെയും പരിശോധിക്കണം.ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഭവന സന്ദർശന വേളയിൽ അവ കുഷ്ഠരോഗം മൂലമല്ലായെന്ന് ഉറപ്പ് വരുത്തുന്നതിന് ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.
ആറു മുതൽ 12 മാസം വരെയുള്ള ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നത് രോഗ പകർച്ച തടയുന്നതിന് ഏറെ പ്രധാനമാണ്. മറ്റേതൊരു രോഗം പോലെ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗമാണ് കുഷ്ഠരോഗം. അതുകൊണ്ടു തന്നെ രോഗത്തെ പറ്റി അനാവശ്യമായ ഭയമോ ആശങ്കയോ, രോഗ ബാധിതരോട് വിവേചനമോ വേണ്ടതില്ല. ചികിത്സ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മറ്റുളവരിലേക്ക് രോഗം പകരുന്നത് തടയാൻ സാധിക്കും. രോഗം മൂലം അംഗവൈകല്യം സംഭവിക്കുന്നതും ഒഴിവാക്കാം. ചികിത്സ എടുക്കാത്തവരിൽ നിന്ന് മാത്രമെ രേഗം പകരുകയുള്ളു. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കുഷ്ഠ രോഗത്തിനുളള ചികിത്സ സൗജന്യമായി ലഭ്യമാണ്.
അശ്വമേധം ക്യാമ്പയിനിൻ്റെ ഭാഗമായി വിപൂലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേരുകയുണ്ടായി. വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ സ്ഥാപനങ്ങൾ അങ്കണവാടികൾ , കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു . ആരോഗ്യ സ്ഥാപനങ്ങൾ വഴിയും , ജില്ലാ മെഡിക്കൻ ഓഫീസിലെ എഡ്യൂക്കേഷൻ ആന്റ് മീഡിയ വിഭാഗം ബോധ്യം വാട്ട്സ് ആപ്പ് ചാനൽ, സാമൂഹിക മാധ്യമങ്ങൾ വഴിയും ആരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിച്ചു വരുന്നു എന്നും ഡി എം ഒ അറിയിച്ചു.
(പി.ആര്/എ.എല്.പി/287)
- Log in to post comments