അശ്വമേധം' കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന ക്യാമ്പയിന് തുടക്കം
കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ‘അശ്വമേധം' എന്ന പേരില്‍ ആരംഭിച്ച ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്റെ വീട്ടില്‍ നടന്നു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. ശ്രീഹരി പദ്ധതി വിശദീകരിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു. എം.ഡി.എം.എം നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ബോധവത്കരണ പരിപാടിയും ഉണ്ടായി. ആരോഗ്യ വകുപ്പ് ജില്ലാ ഓഫീസര്‍മാര്‍, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനവും നടക്കും. ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി രോഗനിര്‍ണയത്തിനായി ആശുപത്രിയിലെത്തിക്കാന്‍ നടപടിയെടുക്കുകയും ചെയ്യും. രോഗികള്‍ക്ക് തുടര്‍ചികിത്സയും ഉറപ്പാക്കും. ഭവന സന്ദര്‍ശനത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കല്‍, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങളെന്നും വീട്ടിലുള്ള ആര്‍ക്കെങ്കിലും സമാന ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 337/2025)
- Log in to post comments