ബേഠി ബചാവോ ബേഠി പഠാവോ : സിഗ്നേച്ചര്‍ ക്യാമ്പയിനും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു
ബേഠി ബചാവോ ബേഠി പഠാവോ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സിഗ്നേച്ചര്‍ ക്യാമ്പയിനും പെണ്‍കുട്ടികളുടെ സൈക്കിള്‍ റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കളക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. പുതിയ കാലഘട്ടത്തിലെ ചതിക്കുഴികളെ കുറിച്ച് പെണ്‍കുട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടികളോട് സമൂഹം കാണിക്കുന്ന വേര്‍തിരിവ്് കേരളത്തില്‍ കുറയാന്‍ കാരണം ഉയര്‍ന്ന വിദ്യാഭ്യാസവും പ്രബുദ്ധതയുമെല്ലാമാണെന്നും അദ്ദേഹം പറഞ്ഞു. ബേഠി ബചാവോ ബേഠി പഠാവോ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത കളക്ടര്‍, ടൗണ്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നടത്തിയ സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫും നിര്‍വഹിച്ചു.
ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി. ബിജി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എല്‍. രഞ്ജിനി, വനിത സംരക്ഷണ ഓഫീസര്‍ എ.വി ശ്രീജ എന്നിവര്‍ സംസാരിച്ചു. കൊല്ലം എസ്.എന്‍ കോളജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തെരുവ് നാടകവും അരങ്ങേറി. റാലിയില്‍ കൊല്ലം ഗേള്‍സ് ഹൈസ്‌കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് വിദ്യാര്‍ഥിനികള്‍, 'സങ്കല്‍പ്പ്: ഹബ് ഫോര്‍ എംപവര്‍മന്റ് ഓഫ് വിമണ്‍' അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കാളികളായി. ജനുവരി 22ന് ആരംഭിച്ച് മാര്‍ച്ച് എട്ട് വരെ നീളുന്ന കാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പൊലീസ്, സ്പോര്‍ട്സ് തുടങ്ങിയ മേഖലയിലെ വനിതകള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിവിധ പരിപാടികള്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
(പി.ആര്‍.കെ നമ്പര്‍ 336/2025)
- Log in to post comments