ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന് ജില്ലയില്‍ തുടക്കം
സംസ്ഥാനത്തെ നീർച്ചാലുകൾ ജനകീയമായി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുന്നതിന് ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇനി ഞാൻ ഒഴുകട്ടെ കാമ്പയിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി പുറക്കാട് ഗ്രാമപഞ്ചായത്തിലെ ചേമ്പുതറ തോട് ഉദ്ഘാടനം ചെയ്ത് നിർവ്വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഒന്നാംനിര നീർച്ചാൽ മുതൽ മൂന്നാംനിര നീർച്ചാലുകൾ വരെയുള്ള മുഴുവൻ നീർച്ചാലുകളെയും മാലിന്യമുക്തമാക്കി മാറ്റി വീണ്ടെടുക്കാൻ ലക്ഷ്യമിട്ടാണ് ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി, ജലസേചനം, കൃഷി, മണ്ണ് സംരക്ഷണം, ഭൂജലം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് “ഇനി ഞാൻ ഒഴുകട്ടെ” ജനകീയ കാമ്പയിൻ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം ജനുവരി മാസത്തിൽ ആരംഭിച്ച പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ഊർജ്ജിതമാക്കും.
ഉദ്ഘാടന ചടങ്ങിൽ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനൻ.എ. എസ് അധ്യക്ഷനായി. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ കെ. എസ്.രാജേഷ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി ശുചിത്വ പ്രതിജ്ഞ ചൊല്ലി. നവകേരളം കർമ്മ പദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോഡിനേറ്റർ ടി.പി. സുധാകരൻ മുഖ്യാതിഥിയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുറക്കാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രാജീവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എസ് ജിനു രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.വേണുലാൽ, പുറക്കാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ മണിയമ്മ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. സി.ഡി.എസ്. അംഗങ്ങൾ, എ.ഡി.എസ് അംഗങ്ങൾ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
(പി.ആര്‍/എ.എല്‍.പി/276)
- Log in to post comments