ലൈഫ് മിഷനില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന് (ഒക്ടോബര്‍ 25)
കുറഞ്ഞനിരക്കില്‍ നിര്‍മ്മാണവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ജില്ലയില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.
കാക്കനാട്: ഭവനരഹിതര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം ലഭ്യമാക്കുന്ന ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി കുന്നുകര ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്തീന് ഇന്ന് (ഒക്ടോബര്‍ 25) നിര്‍വ്വഹിക്കും. വൈകീട്ട് അഞ്ചിന് കുന്നുകര അഹാന ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ലൈഫ് മിഷന് പദ്ധതിയില്‍ 2018 19 സാമ്പത്തിക വര്‍ഷം ഉള്‍പ്പെടുത്തിയ 69 വീടുകളില്‍ 30 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും നല്‍കാനുള്ള പണം സര്‍ക്കാരില്‍നിന്നും ത്രിതലപഞ്ചായത്തുകളില്‍നിന്നും അതേ സാമ്പത്തികവര്‍ഷംതന്നെ സമാഹരിയ്ക്കുക എന്ന നേട്ടം സംസ്ഥാനത്ത് കുന്നുകര പഞ്ചായത്ത് സ്വന്തമാക്കി. ശേഷിയ്ക്കുന്ന 39 വീടുകളുടെ നിര്‍മ്മാണം നവംബര്‍ 30നകം പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ അറിയിച്ചു.
വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫസര്‍ കെ.വി.തോമസ് എം.പി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള്, ലൈഫ് മിഷന് സി.ഇ.ഒ എം.ശിവശങ്കര്‍ ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് തുളസി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഒ.എന്‍.വിജയന് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. എറണാകുളം ഡി.ഡി.പി. കെ.വി.മാലതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.കെ.വൈ. ടോമി, റസിയ സവാദ് ,പി .എ.യു.പ്രൊജക്ട് ഡയറക്ടര്‍ കെ.ജി.തിലകന്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിനി അംബുജാക്ഷന്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.യു.ജബ്ബാര്‍, പി.വി.തോമസ്, ഷിജി പ്രിന്‍സ്, പഞ്ചായത്ത് മെമ്പര്‍മാരായ എം.വി.തോമസ്, ഷീജ ഷാജി, ഷാനിബ മജീദ്, കുന്നുകര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെയിന് വര്‍ഗ്ഗീസ് എന്നിവര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിക്കും. ലൈഫ് മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി.തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ലൈഫ് ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ നിര്‍മ്മാണസാമഗ്രികള്‍ ലഭ്യമാക്കുന്നതിന് വിവിധ കമ്പനികളുമായി സഹകരിച്ച് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും ജില്ലയില്‍ പുരോഗമിയ്ക്കുകയാണെന്ന് ലൈഫ് മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി.തോമസ് പറഞ്ഞു. ഇത് നടപ്പില്‍വരുന്നതോടെ ഓണ്‍ലൈന്‍ സംവിധാനംവഴി ലൈഫ് ഗുണഭോക്താക്കള്‍ക്ക് നിര്‍മ്മാണസാമഗ്രികള്‍ എത്തിച്ചുനല്‍കുന്ന ആദ്യജില്ലയെന്ന നേട്ടവും എറണാകുളത്തിന് സ്വന്തമാകും.
മുന്‍കാല ഭവനനിര്മ്മാണപദ്ധതികളിലുള്പ്പെട്ടതും നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങിയതുമായ വീടുകള്‍ 2017 18 സാമ്പത്തികവര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി 98 ശതമാനം പൂര്‍ത്തീകരിച്ച് ജില്ല സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയിരുന്നു.
രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവനം നല്കുന്ന പദ്ധതിയില്‍ ജില്ലയില്‍ 4,831 വീടുകള്‍ക്ക് കരാര്‍ വെക്കുകയും 2984 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിനുള്ള ആദ്യഗഡു നല്‍കുകയും ചെയ്തു. ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് ഈയിനത്തില്‍ 32.29 കോടിരൂപ വിതരണം ചെയ്തു. 132 വീടുകളുടെ പണി പൂര്‍ത്തിയാക്കി. 483 വീടുകളുടെ മേല്‍ക്കൂരവരെയുള്ള നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു.
ലൈഫ് ഗുണഭോക്തൃപട്ടികയിലുള്ള 5,234 കുടുംബങ്ങള്‍ക്ക് കേന്ദ്രാവിഷ്കൃതപദ്ധതിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് തൊഴില്‍കാര്‍ഡ് വിതരണം ചെയ്തു. ഇതിനോടകം 75,942 തൊഴില്‍ദിനങ്ങളും നല്കി. കൂലിയിനത്തില്‍ രൂപയും 2.06 കോടി രൂപയും വിതരണം ചെയ്തു.
ലൈഫ് ഗുണഭോക്താക്കള്‍ക്ക് തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തി വിവിധ പഞ്ചായത്തുകളിലായി 75 സിമന്റുകട്ട നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുകയും 3.1 ലക്ഷം സിമന്റുകട്ടകള്‍ നിര്‍മ്മിക്കുകയും 2.3 ലക്ഷം കട്ടകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് വനിതകളെ ഉള്‍പ്പെടുത്തി ജില്ലയില്‍ 24 നിര്‍മ്മാണയൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. 12 ലൈഫ് ഗുണഭോക്താക്കളുടെ ഭവനനിര്‍മ്മാണം ഈ യൂണിറ്റുകള്‍ ഏറ്റെടുക്കുകയും രണ്ടു വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് ഭവനം നല്‍കുന്നതിന് തോപ്പുംപടിയില്‍ ഭവനസമുച്ചയത്തിന് തറക്കല്ലിട്ടുകഴിഞ്ഞു.
- Log in to post comments