Skip to main content

മഹാത്മാ ഗാന്ധി പുതിയ സമരമാര്‍ഗം തുറന്ന സത്യാന്വേഷി: മന്ത്രി ജെ. ചിഞ്ചു റാണി

 

ലോകത്തിന് മുന്നില്‍ പുതിയ സമരമാര്‍ഗം തുറന്നിട്ട  സത്യാന്വേഷിയായിരുന്നു മഹാത്മാ ഗാന്ധിയെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ ജില്ലാഭരണകൂടവും ഗാന്ധിപീസ് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാന്ധിജി മുന്നോട്ടു വച്ച സമാനതകളില്ലാത്ത സഹനത്തിന്റെയും അഹിംസയുടെയും ആശയങ്ങള്‍ ഇന്നും നമുക്ക് വഴിവെളിച്ചമാണ്. നമ്മള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു പിന്നില്‍ മഹാത്മാഗാന്ധിയുടെ ത്യാഗവും പ്രയത്‌നവുമുണ്ട്. ലോകത്തെ അശാന്തമായ സാഹചര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തിയാണ് ഓര്‍മ്മവരികയെന്നും മന്ത്രി പറഞ്ഞു. പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ മന്ത്രി പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി. മേയര്‍ പ്രസന്ന ഏണസ്റ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ എന്നിവര്‍ ഗാന്ധിജയന്തി സന്ദേശം നല്‍കി. ഉമയനല്ലൂര്‍ മഹേഷ് സര്‍വമത പ്രാര്‍ഥന ആലപിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പോള്‍മത്തായി ഗാന്ധി ജയന്തി ദിന പ്രതിജ്ഞ ചൊല്ലി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി. ആര്‍ കൃഷ്ണ കുമാര്‍, എ.ഡി.എം. ജി.നിര്‍മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.എസ്. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്നാരംഭിച്ച പദയാത്ര സബ്കളക്ടര്‍ നിശാന്ത് സിന്‍ഹാര ഫ്‌ളാഗ് ഓഫ് ചെയ്തു. ഗാന്ധിയന്‍ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ പദയാത്രയില്‍ പങ്കാളികളായി. വിവിധ ഗാന്ധിയന്‍ സംഘടനാ പ്രവര്‍ത്തകരായ പ്രൊഫ. പി.ഒ.ജി.ലബ്ബ, പ്രൊഫ. പൊന്നറ സരസ്വതി, കുരീപ്പുഴ ഷാനവാസ്, എം മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date