Skip to main content

പട്ടിക വര്‍ഗ്ഗ ജനവിഭാഗത്തിന് വരുമാനവും  ജീവിത മാര്‍ഗവും ഉണ്ടാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു പുതൂര്‍ തേന്‍ സംസ്‌കരണ യൂണിറ്റ്, വിപണനം എന്നിവയുടെ ഉദ്ഘാടനം നടന്നു

 

പട്ടിക വര്‍ഗ്ഗ ജനവിഭാഗത്തിന് വരുമാനവും  ജീവിത മാര്‍ഗവും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. അട്ടപ്പാടി പുതൂര്‍ ഗ്രാമ പഞ്ചായത്തിലെ താഴെ ഭൂതയാറില്‍ സ്ഥാപിച്ച തേന്‍ സംസ്‌കരണ ശാലയുടെയും സഹ്യ ഡ്യൂ(Sahya Dew) ഉത്പന്നത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലമെന്റ് ട്രൈബല്‍ മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത് കൃത്യമായ ദീര്‍ഘവീക്ഷണത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ ആഴത്തില്‍ മനസിലാക്കിയ മറ്റൊരു ജനവിഭാഗം ഉണ്ടാവില്ലെന്നും അത് മനസിലാക്കി തൊഴിലിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മറയൂര്‍ ശര്‍ക്കര പോലെ ഗുണമേന്മയില്‍ കുറവ് വരാതെ നല്ല രീതിയില്‍ തേന്‍ സംസ്‌കരിച്ച് വിതരണം ചെയ്യാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.അറിവിന്റെ ഉറവിടമാണ് പട്ടിക വര്‍ഗ്ഗ ജനവിഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇടവാണി, വയനാട് ജില്ലയിലെ നൂല്‍പ്പുഴ, തിരുനെല്ലി പി.വി.ടി.ജി എസ്.ടി സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കി കൊണ്ടാണ് 'സഹ്യ ഡ്യൂ' ഉത്പന്നത്തിന്റെ ലോഗോ പ്രകാശനം പരിപാടിയില്‍ മന്ത്രി നിര്‍വഹിച്ചത്.

 

പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് മുഖ്യാതിഥിയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, പുതൂര്‍, ഷോളയൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജ്യോതി അനില്‍കുമാര്‍, രാമമൂര്‍ത്തി,  പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉപദേശക സമിതി അംഗം കെ. രാജന്‍, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ കെ.എ. സാദിക്കലി, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ പി.ജി. അനില്‍, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.എ. ജംഷീര്‍, മേലെ താഴെ ഭൂതയാര്‍, ഇടവാണി, പഴയൂര്‍ ഊര് മൂപ്പന്‍മാരായ കെ. മുരുകന്‍, കാളി, കണ്ണന്‍, ഗോത്രജീവിക ജില്ല ഏകോപന സമിതി പ്രസിഡന്റ് സുരേഷ്  വി. പട്ടിമാളം, സെക്രട്ടറി രവി,  ഇടവാണി പി.വി.ടി.ജി എസ്.ടി സ്വാശ്രയസംഘം സെക്രട്ടറി കെ.പഴനി, പ്രസിഡന്റ് ജെ. പണലി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date